എഡിറ്റര്‍
എഡിറ്റര്‍
ജസ്റ്റിസ് പി.കെ ബാബുരാജന്റെ മരണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 3rd November 2013 9:48am

crime-branch

ആലപ്പുഴ: ആലപ്പുഴ പ്രിന്‍സിപ്പല്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.കെ ബാബുരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. ആത്മഹത്യയ്ക്ക് വ്യക്തമായ കാരണം കണ്ടെത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബാബുരാജന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ജുഡീഷ്യല്‍ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട്  കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബാബുരാജന്റെ മരണത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലോ പ്രേരണയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മകളുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതിപ്പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നം മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലാക്കിയതും ബാബുരാജനെ സമ്മദര്‍ദ്ദത്തിലാക്കിയെന്നും പറയുന്നുണ്ട്.

മെഡിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ നിന്ന് മരണകാരണം വിഷവസ്തുവല്ല എന്ന വ്യക്തമാവുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

2011 ജുലൈ ഒന്നിനാണ് പി.കെ ബാബുരാജ് ആത്മഹത്യ ചെയ്യുന്നത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആലപ്പുഴ ജില്ലാ  പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജിയായിരിക്കെയായിരുന്നു അന്ത്യം.

ജൂഡീഷ്യറിയിലെ ഉന്നതരില്‍ നിന്നുള്ള പീഡനമാണ് ആത്മഹത്യാ കാരണമെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. നിസാര കാരണങ്ങള്‍ക്ക് പോലും സങ്കടപ്പെടുന്ന ബാബുരാജന്‍ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് ട്രെയിനിങ് സംബന്ധിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടിക വിഭാഗത്തില്‍ പെട്ട ബാബുരാജന്റെ ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്.

ആരുടെ പേരിലും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Advertisement