എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് വിട്ടതായി ജെ.എസ്.എസ്: പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തില്‍ അംഗീകാരം
എഡിറ്റര്‍
Sunday 26th January 2014 4:27pm

jss-22

ആലപ്പുഴ: യു.ഡി.എഫ് വിട്ടതായി ജെ.എസ്.എസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇത് സംബന്ധിച്ച് ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന് പാര്‍ട്ടിയുടെ അംഗീകാരം.

മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ അനൈക്യം ഉടലെടുത്തതിനെ തുടര്‍ന്ന് ജെ.എസ്.എസിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവുള്‍പ്പെടെയുള്ള നേതാക്കള്‍ കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ടിരിക്കവേയാണ് ജെ.എസ്.എസിന്റെ മുതിര്‍ന്ന നേതാവായ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് മുന്നണി വിടാനുള്ള ജെ.എസ്.എസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജന്‍ ബാബുവിന്റേയും, കെ.കെ ഷാജുവിന്റേയും നേതൃത്വത്തില്‍ ഒരു കൂട്ടം ജെ.എസ്.എസ് പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

മുന്നണി വിടാന്‍ തങ്ങള്‍ യാതൊരു കാരണവും കാണുന്നില്ലെന്നും ജെ.എസ്.എസിലെ ഭൂരിഭാഗം വരുന്ന അംഗങ്ങളുടെ പിന്തുണയോടെയാണ് തങ്ങള്‍ നീങ്ങുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ജെ.എസ്.എസിലെ ഏകാധിപതി ഭരണത്തിന് ഇനി നിന്നു കൊടുക്കാനാവില്ലെന്നും ഇവര്‍ അറിയിച്ചിരുന്നു.

ഏറെ നാളായി സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമായിരുന്ന ജെ.എസ്.എസ് പിളര്‍പ്പ് ഇതോടു കൂടി പൂര്‍ണ്ണമായിരിക്കുകയാണ്.

ഇനി ജെ.എസ്.എസ് ഏതു വിഭാഗക്കാരുടേതാവുമെന്നും, ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്ക് തിരിച്ചു കയറുമോ എന്നുമുള്ള ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.

Advertisement