Categories

ജെ.എസ്.എസ് പിളര്‍ന്നു: ഭൂരിപക്ഷം യു.ഡി.എഫിനൊപ്പം

gouriyamma.

ആലപ്പുഴ: ഏറെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ജെ.എസ്.എസിലെ പിളര്‍പ്പ് വെളിച്ചത്തിലേക്ക്.

ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ഭൂരിഭാഗം പേരും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും രാജന്‍ ബാബു പറഞ്ഞു.

യു.ഡി.എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും രാജന്‍ ബാബു അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതിനാല്‍ ജെ.എസ്.എസ്, ജെ.എസ്.എസായി തന്നെ തുടരും.

ഇന്ന് സമാപിക്കാനിരുന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളനം ഇവര്‍ ബഹിഷ്‌കരിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന് ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാനായില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട ജെ.എസ്.എസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അംഗീകരിക്കാനാവില്ല.

ഗൗരിയമ്മയെ തങ്ങള്‍ ഇപ്പോഴും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവര്‍ തങ്ങളോടൊപ്പം യു.ഡി.എഫില്‍ തുടരണമെന്നു തന്നെയാണ് ഇപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നു വന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. വികസനത്തിനും ജനക്ഷേമത്തിനുമായി യു.ഡി.എഫ് സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

ഗൗരിയമ്മ ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ ചില നിയന്ത്രണങ്ങളില്‍ പെട്ടുവെന്നാണ് മനസിലാക്കുന്നത്.

എല്‍.ഡി.എഫില്‍ നിന്ന് പോന്ന ഗൗരിയമ്മ ഇപ്പോള്‍ അങ്ങോട്ടു തന്നെ തിരിച്ചു പോകേണ്ട കാര്യമെന്താണ്. ജെ.എസ്.എസിലെ സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗം പേരും യു.ഡി.എഫ് വിടുന്നതിനെതിരെയാണ്- രാജന്‍ ബാബു പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് ജെ.എസ്.എസ് വിടുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തന്നെ തങ്ങള്‍ ഇറങ്ങിപ്പോകുമെന്ന് ഇവര്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

 

Tagged with: |