ആലപ്പുഴ: യു ഡി എഫിന്റെ വേലക്കാരല്ല ജെ എസ് എസ് എന്ന് പാര്‍ട്ടി നേതാവ് കെ ആര്‍ ഗൗരിയമ്മ. യു ഡി എഫിനെ വിജയിപ്പിക്കാനുള്ള ഒരുപാര്‍ട്ടിയായി ജെ എസ് എസിനെ കരുതേണ്ടെന്നും അവര്‍ വ്യക്തമാക്കി.

യു ഡി എഫുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഗൗരിയമ്മ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈമാസം 22ന് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുത്താല്‍ ചര്‍ച്ചയാകാമെന്ന് പി പി തങ്കച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ജനുവരി 10ന് ആരംഭിക്കുന്ന കേരളമോചന യാത്രയില്‍ ജെ എസ് എസിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഗൗരിയമ്മ ആയിരിക്കുമോ എന്ന കാര്യം അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജെ എസ് എസിന്റെ അപേക്ഷപ്രകാരമാണ് യാത്ര ജനുവരി പത്തിലേക്ക് മാറ്റിയതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.