തിരുവനന്തപുരം: ജെ.എസ്.എസ്-കോണ്‍ഗ്രസ് ചര്‍ച്ച വീണ്ടും പരാജയം. തീരുമാനമങ്ങളൊന്നുമെടുക്കാനാവാതെ ചര്‍ച്ച അവസാനിപ്പിച്ച് ഗൗരിയമ്മ ഇന്ദിര ഭവന്‍ വിട്ട് പോയി. യു.ഡി.എഫിന്റെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങിന് ഗൗരിയമ്മ പങ്കെടുത്തില്ല.

അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഗൗരിയമ്മയുടെ നിലപാട്. സീറ്റിന്റെ എണ്ണത്തിലും അതെവിടെയൊക്കെ വേണമെന്ന കാര്യത്തിലും ജെ.എസ്.എസ് കടുംപിടുത്തത്തിലാണ്. നാല് സീറ്റ് വരെ ഗൗരിയമ്മക്ക് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചേര്‍ത്തല, കരുനാഗപ്പള്ളി, മാവേലിക്കര, കയ്പമംഗലം എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നും നാളെ ജെ.എസ്.എസ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി. കോണ്‍ഗ്രസ് നിര്‍ദേശം സ്വീകാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.