തിരുവനന്തപുരം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജെ.എസ്.എസ്-കോണ്‍ഗ്രസ് ബന്ധം വഷളാകുന്നു. അഞ്ച് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജെ.എസ്.എസ്. എന്നാല്‍ മൂന്ന് സീറ്റുകള്‍ മാത്രമേ പരമാവധി നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്.

അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. നേരത്തേ ആറ് സീറ്റ് വരെ ലഭിച്ച സാഹചര്യമുണ്ടായിരുന്നു. 11ന് സംസ്ഥാന സെന്റര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുമായി പിരിയില്ലെന്നും സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.

ചര്‍ച്ചയില്‍ ഒരു കാര്യത്തിലും ധാരണയായില്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ വ്യക്തമാക്കി. ജെ.എസ്.എസുമായി രണ്ടാം തവണ നടക്കുന്ന ചര്‍ച്ചയിലും തീരുമാനമാകാതിരിക്കുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കയാണ്.

അതേസമയം ഗൗരിയമ്മ യു.ഡി.എഫിനോട് യാത്ര പറഞ്ഞേക്കാമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നുണ്ട്. ജെ.എസ്.എസിനെ ഇപ്പുറത്തെത്തിക്കണമെന്ന് എല്‍.ഡി.എഫിനും ആഗ്രഹമുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ജെ.എസ്.എസിലെ രാജന്‍ ബാബുവിനും കെ.കെ.ഷാജുവിനും കോണ്‍ഗ്രസ് സീറ്റ് തരപ്പെടുത്തുമെന്നും വാര്‍ത്തയുണ്ട്.
അതേസമയം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുകയാണ.്