തിരുവനന്തപുരം: ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ജെ.എസ്.എസ്-കോണ്‍ഗ്രസ് സീറ്റുധാരണയായി. നാല് സീറ്റുകള്‍ മാത്രമേ നല്‍കുവെന്ന കോണ്‍ഗ്രസിന്റെ വാശിക്കുമുന്നില്‍ ജെ.എസ്.എസ് വഴങ്ങുകയായിരുന്നു. വൈകീട്ട് അഞ്ചുമണിക്ക് ഗൗരിയമ്മ കെ.പി.സി.സി അധ്യക്ഷനുമായി നിര്‍ണായക ചര്‍ച്ച നടത്തുന്നുണ്ട്.

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് നാലുസീറ്റെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം അംഗീകരിക്കാമെന്ന തീരുമാനമെടുത്തത്. എന്നാല്‍ കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റ് വേണമെന്ന് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

കൊടുങ്ങല്ലൂരിന് പകരം കയ്പമംഗലം നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയത്. എന്നാല്‍ കയ്പമംഗലം തങ്ങള്‍ക്ക് വേണ്ടെന്നും പകരം തിരുവനന്തപുരം നല്‍കണമെന്നുമാണ് ജെ.എസ്.എസ് ആവശ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റ് വേണമെന്ന കടുംപിടുത്തത്തിലായിരുന്നു ഗൗരിയമ്മ. എന്നാല്‍ നാല് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ഗൗരിയമ്മ വിട്ടുനിന്നിരുന്നു.