ന്യൂദല്‍ഹി: വിവാദമായ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ജെ.പി.സി അന്വേഷണത്തിന് സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. മറ്റെന്നാള്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരും.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ടു ജി സ്‌പെക്ട്രം വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് ശീതകാലസമ്മേളനം പ്രതിപക്ഷം സ്തംഭിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം.

നേരത്തെ ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു.