ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം പോളിറ്റബ്യൂറോ അംഗം സീതാറാം യെച്ചൂരി. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ സി.പി.ഐ.എം ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണത്തിന് വേണ്ടിയാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അന്വേഷിച്ചാല്‍ മതിയെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ല. സി.എജി നല്‍കുന്ന കണക്കുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിയാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. അതിന് ജെ.പി.സിയുമായി താരതമ്യമില്ല. പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തില്‍ ജെ.പി.സി അന്വേഷണം അനിവാര്യമായിരിക്കുന്നുവെന്നും യെച്ചൂരി വിശദീകരിച്ചു.

സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി യോഗത്തിനിടെ എ.കെ.ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.