ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം വിതരണത്തിലെ അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബജറ്റ് സമ്മേളനത്തിനായി ഇന്ന് പാര്‍ലമെന്റ് സമ്മേളിച്ച ഉടനേ തന്നെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയുടെ നടുത്തളത്തിലെത്തുകയും സ്‌പെക്ട്രം വിഷയം ഉന്നയിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ജെ.പി.സി രൂപീകരിക്കുമെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

സംയുക്ത സമിതി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി സ്പീക്കര്‍ മീരാ കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് സ്വാഗതം ചെയ്തു. ആര് തോറ്റു ആര് ജയിച്ചു എന്നതല്ല പ്രശ്‌നമെന്നും അഴിമതി ആര് ചെയ്താലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഏറെ വാഗ്വാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊടുവിലാണ് യു.പി.എ സര്‍ക്കാര്‍ ജെ.പി.സി രൂപീകരിക്കാമെന്ന തീരുമാനമെടുത്തത്. ഇത്തരമൊരു സമിതി രൂപീകരിക്കേണ്ടെന്ന വാശിയിലായിരുന്നു കേന്ദ്രം. എന്നാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങുകയും എ.രാജയടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യുകയും ചെയ്തതോടെ കാര്യങ്ങളുടെ ഗതി മാറുകയായിരുന്നു.