എഡിറ്റര്‍
എഡിറ്റര്‍
ആക്രമിക്കപ്പെട്ട നടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ എഴുതിയ കത്ത് ‘അമ്മ’ മുക്കി; രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു
എഡിറ്റര്‍
Monday 3rd July 2017 7:47am

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവര്‍ക്ക് നിയമസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയ്ക്ക് അയച്ച കത്ത് അവര്‍ പരിഗണിക്കുക പോലും ചെയ്തില്ലെന്ന് നടനും നിര്‍മാതാവുമായ ജോയ് മാത്യു.

അമ്മ സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും താന്‍ കത്തയച്ചിരുന്നെന്നും പക്ഷേ പ്രധാനപ്പെട്ട ഒരംഗം പോലും എനിക്ക് മറുപടി തന്നില്ലെന്നും ജോയ് മാത്യു പറയുന്നു.

അപ്രസക്തരായ രണ്ടുപേര്‍ മാത്രമാണ് കത്തിനോട് പരിഗണന പോലും കാണിച്ചത്. കത്തിന് പോലും മറുപടി തരാത്ത സാഹചര്യത്തില്‍ ഇക്കാര്യം മീറ്റിങ്ങില്‍ സംസാരിക്കുന്നതില്‍ എന്താണ് പ്രസക്തിയെന്നും ജോയ് മാത്യു ചോദിക്കുന്നു.


Dont Miss ജിഷ്ണു കേസില്‍ പുതിയ വെളിപ്പെടുത്തല്‍; ആത്മഹത്യാക്കുറിപ്പായി കരുതുന്ന കത്ത് ജിഷ്ണുവിന്റേതല്ലെന്ന് സെന്‍കുമാര്‍


സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘടനയിലെ ചിലര്‍ക്കാണ് താന്‍ കത്തയച്ചത്. അതില്‍ ഒരു സ്ത്രീ പോലും പ്രതികരിച്ചില്ലെന്നത് നിരാശയുണ്ടാക്കുന്നതാണ്. ഇത്രയും വലിയൊരു വിഷയത്തില്‍ അമ്മയുടെ മൗനം ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും വിഷയത്തില്‍ ഒരിക്കലും താന്‍ ഒരിക്കലും മൗനം പാലിച്ചിട്ടില്ലെന്നും ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ കത്ത്

പ്രിയമുള്ള സഹപ്രവര്‍ത്തകരെ,

ലൈംഗീകമായി നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീത്വം-അതാണിന്ന് കേരളം .അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നമ്മോടൊപ്പം ജോലിചെയ്യുന്ന , നമ്മള്‍ അംഗങ്ങളായിട്ടുള്ള ‘അമ്മ’ എന്ന സംഘടനയിലെ ഒരംഗമായ നടിയ്ക്ക് സംഭവിച്ചത് . മനുഷ്യത്വരഹിതവും അപമാനകാരവുമായ ഈ ലൈംഗികാതിക്രമം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.

‘അമ്മ ‘പോലെ സാഹോദര്യം കാത്തുസൂക്ഷിക്കുന്ന ഒരു സംഘടന ഇത്തരം ഒരാവസ്ഥാവിശേഷം ഉണ്ടായാല്‍ ചെയ്യേണ്ടതെന്താണ് ?.ഇരയാക്കപ്പെട്ട വ്യക്തിയോട് സഹതാപം ചൊരിഞ്ഞ് അവരുടെ ദുഃഖത്തില്‍ പങ്കുചേരുക മാത്രമാണോ ? അതും വേണ്ടതുതന്നെ.അതിനപ്പുറം നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അവരോടൊപ്പം നില്‍ക്കുക കൂടി ചെയ്യുബോഴേ ഒരു സംഘടനക്ക് അതിലെ അംഗങ്ങളോടുള്ള പ്രതിബദ്ധതക്ക് അര്‍ത്ഥമുണ്ടാകുന്നുള്ളൂ .

ചിലപ്പോള്‍ നമ്മുടെ സംഘടനയുടെ അംഗീകൃത നിയമാവലികളില്‍ ഇതിനുള്ള പ്രതിവിധികള്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ലായിരിക്കാം ,കാരണം ഇത്തരം അപമാനകരമായ കാര്യങ്ങള്‍ നമ്മള്‍ ഒരിക്കലും വിഭാവനം ചെയ്തിരുന്നില്ലല്ലോ .നമ്മുടെ കൂടെ ജോലിചെയ്യുന്ന ഒരു നടന്‍ അല്ലെങ്കില്‍ നടി നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് എന്ന ചിന്തയില്‍ നിന്നാണ് നാം തുടങ്ങേണ്ടത് .പ്രത്യേകിച്ചും അവര്‍ ”അമ്മ’ എന്ന സംഘടനയിലെ ഒരു അംഗം കൂടി ആവുബോള്‍ .അല്ലെങ്കില്‍ ”അമ്മ’ എന്ന പേരിനു തന്നെ അര്ഥമില്ലാതാവും.

ആ കുട്ടിയെ സ്വന്തം സഹോദരി എന്ന നിലയില്‍ത്തന്നെയാണ് നമ്മള്‍ കാണുന്നന്നത് .സ്വന്തം സഹോദരിക്ക് ഇത്തരം അപമാനകരവും അപകടപരവുമായ ഒരു സ്ഥിതിവിശേഷം സംഭവിച്ചാല്‍ നമ്മള്‍ എങ്ങിനെയാണ് പ്രതികരിക്കുക ?

മൈതാനപ്രസംഗങ്ങളും അനുതാപങ്ങളുമൊക്കെ വേണ്ടതുതന്നെ. ഒറ്റപ്പെട്ട പ്രസ്താവനകള്‍ നടത്തിയോ വാര്‍ത്താ മാധ്യമങ്ങളില്‍ പത്രക്കുറിപ്പ് വരുത്തിയോ അല്ല നമ്മള്‍ നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു .നാം ഒറ്റക്കെട്ടായി നമ്മുടെ സഹോദരിക്ക് നേരെ നടന്ന ഈ അക്രമത്തെ ,അവള്‍ക്ക് നേരിട്ട ഈ അപമാനത്തെ നമ്മുടെ സംഘടനാപരമായ ശക്തി ഉപയോഗിച്ച് നേരിടണം . നീതിക്ക് വേണ്ടിയുള്ള നടിയുടെ പോരാട്ടത്തില്‍ അവരോടൊപ്പം നില്‍ക്കുക എന്നതാണ് നാം അടിയന്തിരമായി ചെയ്യേണ്ട കടമ.

നമ്മുടെ സഹോദരിയെ അപമാനിച്ചത് അത് ആരായാലും അവനെ അല്ലെങ്കില്‍ ആ സംഘത്തെ നിയമപരമായി ‘അമ്മ ‘ എന്ന സംഘടനയാണ് നേരിടേണ്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ച് ഒരഭിപ്രായം ഉണ്ടാവാനിടയില്ല എന്നാണു എനിക്ക് തോന്നുന്നത്.

ഒരു സംഘടനയുടെ ശക്തി തെളിയിക്കേണ്ടത് അതിലെ അംഗങ്ങളിലൊരാള്‍ക്ക് ആപത്ത് വരുമ്പോള്‍ അവരുടെ കൂടെ നിന്ന് പോരാടുക എന്നതായിരിക്കണം . അതിനായി ഏറ്റവും മികച്ച അഭിഭാഷകനെത്തന്നെ കണ്ടെത്തുകയും കേസിന്റെ മുഴുവന്‍ ചിലവുകളും സംഘടന ഏറ്റെടുത്തത് നിര്‍വഹിക്കുകയും ഇരയാക്കപ്പെട്ട സ്ത്രീത്വത്തിന് നീതി ലഭിക്കുവാനും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റംവരെ പോകുവാനും നമ്മുടെ സംഘടന തയ്യാറാകണം എന്നാണ് എന്റെ അപേക്ഷ ,അതിനുള്ള സാമ്പത്തികശേഷി സംഘടനക്കുണ്ട് എന്ന് നമുക്കറിയാം ,ഇനി അതില്ല എങ്കില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സംഘടന കണ്ടെത്തണം. അങ്ങിനെയല്ലേ നാം നമ്മുടെ സഹോദരിയോട്,അപമാനിക്കപ്പെട്ട സ്ത്രീത്വത്തോട് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടമാക്കേണ്ടത് ?

ഇത് സിനിമാ മേഖലയില്‍ മാത്രമായി സംഭവിച്ച ഒരു ദുരന്തമായി കാണാതെ ദിനംപ്രതി നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് നേരെ പെരുകിവരുന്ന ലൈംഗീകാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നാം നമ്മളോട് തന്നെ ചെയ്യുന്ന ആത്മവഞ്ചനയായിരിക്കും .അപമാനിക്കപ്പെടുന്ന സ്ത്രീത്വം ഒരു നാടിന്റെ സാംസ്‌കാരികമായ പ്രാകൃതത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത് . സിനിമപോലെ ശക്തമായ ഒരു കലാരൂപത്തിന്റെ ഭാഗഭാക്കായ നമ്മള്‍ ഇക്കാര്യത്തില്‍ ഒരു കടുത്ത നിലപാടെടുത്തില്ലെങ്കില്‍ നമ്മളും നിലവിലുള്ള ജീര്‍ണ്ണിച്ച സംസ്‌കാരത്തിന്റെ പ്രതിനിധികളായിത്തന്നെ ചരിത്രം നമ്മളെ അടയാളപ്പെടുത്തും.

വാര്‍ഷിക സമാഗമങ്ങളിലും അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷനുകളിലുമായി ചുരുങ്ങിപ്പോകാതെ (അതും നല്ലകാര്യം തന്നെ ) സംഘടനയിലെ അംഗങ്ങള്‍ക്ക് ആപത്ത് വരുമ്പോള്‍ കൂടെ നില്‍ക്കുന്നതായിരിക്കണം ഒരു സംഘടന ,അതായിരിക്കണം അമ്മയുടെ പുതിയ ദൗത്യം.

ഇങ്ങിനെയൊരുകാര്യം ‘അമ്മ യുടെ ഭരണഘടനയില്‍ ഇല്ലായിരിക്കാം ,പക്ഷെ അപ്രതീക്ഷിതങ്ങളായ അവസ്ഥകള്‍ വരുമ്പോഴാണല്ലോ പഴയ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതും പുതിയ നിയമങ്ങള്‍ ഉണ്ടാകേണ്ടതും. വേണമെങ്കില്‍ ഒരു അടിയന്തര ജനറല്‍ ബോഡി വിളിച്ചുകൂട്ടി ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവുന്നതുമാണ്. നാളെ നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങിനെ സംഭവിച്ചുകൂടാ എന്ന ആത്മാര്‍ഥമായ ചിന്തയില്‍ ‘അമ്മ ‘അംഗങ്ങളുടെ ഐക്യദാര്‍ഢ്യം പ്രതീക്ഷിച്ചുകൊണ്ട്…

Advertisement