കോഴിക്കോട്: ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേയും പിണറായി വിജയനേയും വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

മാറി മാറി വരുന്ന ഗവണ്‍മ്മെന്റുകള്‍ തങ്ങളുടെ ചൊല്‍പ്പിടിക്ക് നില്‍ക്കുന്ന റാന്‍ മൂളികളായ ഉദ്യോസഥന്മാര്‍ക്ക് വേണ്ടി നിലവിലുള്ളവരെ പിടിച്ചുമാറ്റുന്ന പ്രവണത എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ സുപ്രീംകോടതിവിധി വരെ
സമ്പാദിച്ചുകൊടുത്ത കേരള ഗവണ്‍മ്മെന്റിനെ അഭിനന്ദിച്ചേ മതിയാകൂ. എന്നായിരുന്നു ജോയ മാത്യുവിന്റെ പ്രതികരണം.

ഇന്ത്യയിലാകമാനമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ
ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദ്ദേശിയോടാണു നാം നികുതിദായകര്‍ കൂടുതല്‍
കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കേസ് നടത്താന്‍ സര്‍ക്കാരിന് വേണ്ടിവന്ന ചിലവ് എത്രയാണെന്നു കൂടി പൊതുജനത്തോടു പറഞ്ഞാല്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവന ചെയ്യാനും ഞങ്ങള്‍ ജനങ്ങള്‍ തയ്യാറാണെന്നും പറഞ്ഞാണ് ജോയ് മാത്യു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവിയായ വീണ്ടും നിയമിക്കുകയായിരുന്നു. ഇതിനെ കുറിച്ചുള്ളതായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച സെന്‍കുമാറിനെ തല്‍സ്ഥാനത്തു വീണ്ടും നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പിടുകയായിരുന്നു.


Also Read: അസഹിഷ്ണുത ജഴ്‌സിയിലും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സിയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടന; ജഴ്‌സി ധരിക്കരുതെന്ന് താരങ്ങള്‍ക്ക് നിര്‍ദ്ദേശം 


വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. കോടതി നടപടികള്‍ക്കായി ചെലവായ 25000 രൂപ പിഴയായി സര്‍ക്കാരിനോട് അടക്കാനും കോടതി ഉത്തരവിട്ടിരുന്നു.