എഡിറ്റര്‍
എഡിറ്റര്‍
മതമാഫിയകളുടെ കുരിശുകൃഷി സംരക്ഷിക്കണം എന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ പൊരുളെന്താണ്?: ജോയ് മാത്യു ചോദിക്കുന്നു
എഡിറ്റര്‍
Friday 21st April 2017 9:24am

കോഴിക്കോട്:മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചു നീക്കിയതിനെതിരെ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി മതമാഫിയകളുടെ കുരിശു കൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണെന്നു ചോദിച്ചുകൊണ്ടാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ആര്‍ജവം കാണിക്കുന്ന നട്ടെല്ലുള്ള സര്‍ക്കാറിനെയാണ് പുതുതലമുറ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറുക. നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്. ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല എന്ന് പറയുമ്പോള്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു?
മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍ , അത് ഏത് മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവര്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്.’ അദ്ദേഹം കുറിക്കുന്നു.


Must Read: നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍


ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത് എന്നു പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് ആരംഭിക്കുന്നത്.

‘ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകള്‍ സ്ഥാപിക്കും. പിന്നെ ഒരു രൂപക്കൂട് വരും. അതിനോട് ചേര്‍ന്ന് ഒരു ഭന്ധാരപ്പെട്ടി, മെഴുകുതിരി സ്റ്റാന്‍ഡ് തുടര്‍ന്ന് ഒരു ചെറിയ ഷെഡ്. അതിനു പ്രാര്‍ഥനാലയം എന്നു പേര്‍. പിന്നീടാണു അത് കോടികള്‍ ചിലവഴിച്ച് പള്ളിയാക്കുക. വെഞ്ചരിക്കല്‍ കര്‍മ്മത്തിനു മന്ത്രിപുംഗവന്മാര്‍ തുടങ്ങി ന്യായാധിപന്മാര്‍ വരെ വന്നെന്നിരിക്കും. ഇനി പള്ളിപൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച് തരണേ എന്ന പ്രാര്‍ഥന തുടങ്ങുകയായി.’ അദ്ദേഹം പറയുന്നു.

സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തില്‍ മതമാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുരിശു നാട്ടിയ ഭൂമി തിരിച്ചുപിടിച്ച നടപടിയെ സ്വാഗതം ചെയ്ത ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറീലോസിനെ ജോയ് മാത്യു അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

‘കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവണ്‍മെന്റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്- എല്ലാ മതമേധാവികളും ഈ മാതൃക
പിന്തുര്‍ന്നിരുന്നെങ്കില്‍ ഈ നാട് എപ്പഴേ നന്നായേനെ’ അദ്ദേഹം പറയുന്നു

Advertisement