എഡിറ്റര്‍
എഡിറ്റര്‍
കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ സി.പി.ഐ.എമ്മിനായി; വി.എസ് ഇപ്പോഴും ഫൈറ്റ് ചെയ്യുന്നെന്നും ജോയ് മാത്യു
എഡിറ്റര്‍
Tuesday 21st February 2017 12:02pm

കോഴിക്കോട്: പുരോഗമനപരമായ എന്തും ഇപ്പോള്‍ ഇടതുപക്ഷമാണ് എന്നൊരു നിലപാടിലാണ് താന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ സാധ്യതയുള്ള ഏക പാര്‍ട്ടി സി.പി.ഐ.എം മാത്രമാണെന്നും ഏത് പ്രശ്നം വരുമ്പോഴും കൂടുതലായി സിപിഐഎമ്മിനെ വിമര്‍ശിക്കുന്നത് അതുകൊണ്ടാണെന്നും ജോയ് മാത്യു പറയുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ കൊടുത്ത കേസിലാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ സുപ്രീംകോടതിയുടെ വിധി ഉണ്ടായത്.

കെ.എസ്.യുവിനെ പറ്റിയോ എ.ബി.വി.പിയെ പറ്റിയോ നമ്മളങ്ങനെ പറയില്ലല്ലോ. ഹര്‍ത്താലും ബസിന് കല്ലെറിയുന്ന സമരരീതിയുമൊക്കെ മാറണം. കുറെയൊക്കെ മാറിയിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്ത പ്രശ്നമുണ്ട്.

മികച്ച വിദ്യാഭ്യാസം കൊടുക്കണം. പിന്നെ നമ്മുടെ സ്‌കുളൂകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ,വേറെ സ്‌കൂളുകള്‍. ഏതുകാലത്താണ് നാം ജീവിക്കുന്നത്? മിക്സഡ് സ്‌കൂളുകള്‍ ആയാല്‍ പോരെ? ഈ ബോയ്സ് സ്‌കൂളില്‍ നിന്നും വരുന്ന ആണ്‍കുട്ടിയാണ് പിന്നീട് പെണ്‍കുട്ടിയെ കാണുമ്പോള്‍ സപ്തനാഡികളും തളര്‍ന്ന അവസ്ഥയില്‍ എത്തുന്നതെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ സുദീര്‍ഘമായ അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിന്റെ പരാമര്‍ശം.

അതേസമയം ഒരു മുഖ്യധാരാ ഇടതുപക്ഷത്തോടൊപ്പം താന്‍ ഇല്ലെന്നും പാര്‍ട്ടി പൊളിറ്റിക്‌സുമായി തനിക്കിപ്പോള്‍ പൊരുത്തപ്പെടാനാവില്ലെന്നും ജോയ് മാത്യു പറയുന്നു.

കേരളത്തിലെ ഇടതുപക്ഷത്തെ സി.പി.ഐ.എം ഹൈജാക്ക് ചെയ്യുകയാണോ എന്ന ചോദ്യത്തിന് കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ സി.പി.ഐ.എമ്മിന് സാധിച്ചിട്ടുണ്ടെന്നും ഞങ്ങളാണ് ഇടതുപക്ഷമെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.


Dont Miss ചില സംശയങ്ങളുണ്ട്; സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിക്കട്ടെ; കേസ് പിന്‍വലിക്കില്ലെന്നും നടിയുടെ കുടുംബം 


ഒരു തൊഴിലാളിയോട് കേരളത്തിലെ സാധാരണ മനുഷ്യന് തോന്നുന്നത് പേടിയാണോ സ്‌നേഹമാണോ? കേരളത്തില്‍ ഏത് പൊതുമേഖലാ സ്ഥാപനമാണ് ലാഭത്തില്‍ ഓടുന്നത്? എന്തുകൊണ്ടാണ് തൊഴിലാളി സമരത്തിന് പഴയതുപോലെ പിന്തുണ കിട്ടാത്തത്? തൊഴിലാളികളെ ഈവിധം നിര്‍ജ്ജീവമാക്കുന്നതില്‍ അവരില്‍ ജനവിരുദ്ധമായ ഒരു തൊഴിലാളി ബോധമുണ്ടാക്കുന്നതില്‍ സി.പി.ഐ.എം പങ്കുവഹിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറയുന്നു.

ഒരു കാലത്ത് തീവ്രവായ ഇടതുബോധത്തോടെ പ്രവര്‍ത്തിച്ച താങ്കള്‍ക്ക് സി.പി.ഐ.എമ്മിലെ വി.എസ് പിണറായി രാഷ്ട്രീയ സമസ്യകളെ കുറിച്ച് എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് ഇത് പാര്‍ട്ടിയിലുള്ള രണ്ട് ലൈന്‍ സമരമല്ലെന്നും പത്രക്കാര്‍ പറയുന്നതുപോലെ വലിയൊരു സൈദ്ധാന്തിക പ്രശ്‌നമായി ഇതിനെ തനിക്ക് തോന്നിയിട്ടില്ലെന്നുമായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.

വി.എസ് ഇപ്പോഴും ഫൈറ്റ് ചെയ്യുകയാണ്. പിണറായി വിജയനാണെങ്കില്‍ പാര്‍ട്ടി എന്ന സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണം എന്ന് ചിന്തിക്കുന്ന ആളാണ്. അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരുപാട് ആസ്തിയുള്ള പാര്‍ട്ടികളിലൊന്നാണ് സി.പി.ഐ.എം. പാര്‍ട്ടി ഒരു എസ്റ്റാബ്ലിഷ്മെന്റ് ആകുമ്പോള്‍ അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്നും ജോയ് മാത്യു പറയുന്നു.

സംഘടിതമായ ഒരു കൊള്ളയാണ് ലോട്ടറിയെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമല്ല ലോട്ടറി വില്‍പ്പനയെന്നും അദ്ദേഹം പറയുന്നു.

ഈ പ്രസ്ഥാനത്തിലും മുതലാളിമാരുണ്ട്. ബിര്‍ളയും അംബാനിയുമൊക്കെ ആയിത്തീരാന്‍ തന്നെ ആയിരിക്കുമല്ലോ അവരും ആഗ്രഹിക്കുന്നുണ്ടാകുക. ചുരുങ്ങിയത് ഒരു യൂസഫലി എങ്കിലുമാകാന്‍. അല്ലേ? ഒരു ഘട്ടത്തില്‍ മുന്നണിയുണ്ടാക്കുക എന്ന് ലെനിന്‍ പറഞ്ഞത് കൂട്ടുപിടിച്ചിട്ട് കാലാകാലം നമുക്ക് മുന്നണിയായിട്ട് പോയാല്‍ മതി, അധികാരത്തിലിരുന്നാല്‍ മതി, എന്ന് ചിന്തിക്കുന്ന പാര്‍ട്ടിയാകുമ്പോള്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും. മുതലാളിത്ത പാര്‍ട്ടിയാണ് എന്ന് പറയാനാവില്ല. എന്നാല്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ സ്വഭാവം സി.പി.ഐ.എം ഇപ്പോള്‍ കാണിക്കുന്നുണ്ടെന്നും ജോയ് മാത്യു പറയുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോഴും ആണുങ്ങള്‍ തന്നെയാണ് ഇവിടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും അത് മലയാളി തീരുമാനിച്ചുവെച്ച കാര്യമാണെന്നും ജോയ് മാത്യു പറയുന്നു. ഒരു സ്ത്രീ മുഖ്യമന്ത്രി എന്നത് നമുക്ക് ഇപ്പോഴും ആലോചിക്കാന്‍ പറ്റില്ല.

പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിയെ ആലോചിക്കാം. എന്നാല്‍ കേരള മുഖ്യമന്ത്രിയായി ഒരു സ്ത്രീയെ ആലോചിക്കാന്‍ പറ്റില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആളുകളേക്കാള്‍ എത്രയോ പുറകിലാണ് നാം. ഇടപെടലിലും പെരുമാറ്റത്തിലും അത് അങ്ങനെയാണെന്നും ജോയ് മാത്യു പറയുന്നു.

ഒരാണുംപെണ്ണും ഒന്നിച്ചിരുന്നാല്‍ അപ്പോള്‍ ദുരാചാരമാരോപിക്കുന്ന സമൂഹമാണ് ഇത്. അത്രയും ഇടുങ്ങിയ മനസാണ് നമ്മുടേത്. എന്റെ ഭാര്യ വീടുവിട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിന് പോയാല്‍ ശരിയാകുമോ എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. ഇത് മലയാളി ആണുങ്ങളുടെ പ്രശ്‌നമാണ്. സംശയരോഗം മാറിവരാന്‍ കുറേ സമയമെടുക്കുമെന്നും പുറത്തൊക്കെ പോയി ലോകം കണ്ടുവരണമെന്നും ജോയ് മാത്യു പറയുന്നു.

Advertisement