കൊല്‍ക്കത്ത: ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിന്നും പൊലീസുകാരനെ രക്ഷിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കൊല്‍ക്കത്ത പൊലീസ്. കൊല്‍ക്കത്ത പൊലീസ് ഹെഡ്ക്വാട്ടേഴ്‌സായ ലാല്‍ബസാറിലേക്കുള്ള മാര്‍ച്ചിനിടെയായിരുന്നു യൂണിഫോമിലുള്ള പൊലീസുകാരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച് ഹെഡ്ക്വാട്ടേഴ്‌സിന് നിശ്ചിതദൂരം അകെലവെച്ച് പൊലീസ് ബാരിക്കോഡ് വെച്ച് തടഞ്ഞിരുന്നു. ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല.

ഇതോടെ റാലിനിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് പൊലീസ് ലാത്തിച്ചാര്‍ജ്ജു നടത്തുകയായിരുന്നു.


Must Read: ‘ഡാ മലരേ, കാളേടെ മോനെ…’ കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം


ഇതിനെ തുടര്‍ന്നുണ്ടായ ഉന്തിനും തള്ളിനുമിടെ പൊലീസുകാരന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വീണ് പോവുകയായിരുന്നു. 20കാരനായ ഇയാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പൊലീസിനെ നെഞ്ചത്ത് ചവിട്ടുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ റാലിയിലേക്ക് ഇടിച്ച് കയറി അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.

രക്ഷപ്പെടുത്തി അദ്ദേഹത്തെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബെന്‍ടിക് സ്ട്രീറ്റിലെ പാരഡൈസ് സിനിമ ഹാളിന് മുന്നില്‍ ബോധരഹിതനാവുകയും ചെയ്തു.

‘അദ്ദേഹം ആകെ തളര്‍ന്നിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാത്തവിധം. ഭയംകൊണ്ട് അദ്ദേഹം വിറയ്ക്കുകയായിരുന്നു.’ പൊലീസുകാരനെ രക്ഷിച്ച മാധ്യമപ്രവര്‍ത്തകരിലൊരാളായ തമാഗ്ന ബാരന്‍ജി പറയുന്നു.

സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന പൊലീസ് ഇന്നലെ അയച്ച കത്തിലാണ് മാധ്യമപ്രവര്‍ത്തകരോടുള്ള നന്ദി അറിയിച്ചത്