എഡിറ്റര്‍
എഡിറ്റര്‍
ബ്രദര്‍ഹുഡ് ബന്ധം: അല്‍ ജസീറ ഗ്രൂപ്പില്‍ കൂട്ടരാജി
എഡിറ്റര്‍
Tuesday 11th March 2014 8:15am

al-jazeera

റിയാദ്: തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡുമായി ബന്ധം പുലര്‍ത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തര്‍ ആസ്ഥാനമായ പ്രമുഖ വാര്‍ത്ത ചാനല്‍ അല്‍ ജസീറയില്‍ കൂട്ടരാജി.

പത്ത് വര്‍ഷത്തിലധികമായി ചാനലുമായി തുടരുന്ന ബന്ധം അവസാനിപ്പിച്ചതായി യു.എ.ഇയിലെ മൂന്ന് പ്രമുഖ മാധ്യമപവര്‍ത്തകര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇവര്‍ രാജിക്കാര്യം അറിയിച്ചത്.

സായുധ സംഘമായ മുസ്‌ലീം ബ്രദര്‍ഹുഡിനെ ഈയടുത്ത് സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

അതേ സമയം അല്‍ ജസീറയുടെ സൗദിയിലെ ഓഫീസ് ഉടന്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച സൗദി സര്‍ക്കാറിന്റെ ഉത്തരവ് ചാനല്‍ അധികൃതര്‍ക്ക് ഉടന്‍ തന്നെ കൈമാറും.

ഉത്തരവ് വരുന്നതിന് മുന്‍പ് തന്നെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മുര്‍ശിദ് രാജി പ്രഖ്യാപിച്ചിരുന്നു.

ഖത്തര്‍ ആസ്ഥാനമായ ബി ഇന്‍ സ്‌പോര്‍ട്‌സ് ചാനലിലെ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരായ ഫാരിസ് അവദ്, അലി സഈദ് അല്‍ കഅബി, സുല്‍ത്താന്‍ റാഷിദ് എന്നിവരാണ് രാജിവെച്ചത്.

അല്‍ ജസീറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് നേരത്തെ ഖത്തര്‍ ആസ്ഥാനമായുള്ള ബി ഇന്‍ സ്‌പോര്‍ട്‌സ്.  ഖത്തര്‍ ആസ്ഥാനമായ ചാനലുകളും മറ്റ് മാധ്യമസ്ഥാപനങ്ങളില്‍ നിന്നും ഇനിയും രാജിയുണ്ടാവുമെന്നാണ് സൂചന.

തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നെന്ന് ആരോപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസിഡര്‍മാരെ തിരിച്ച് വിളിച്ചിരുന്നു.

ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ക്ക് വേണ്ടി  ദൃശ്യ, ശ്രവ്യ, അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചാരണം  സൗദി അറേബ്യ വിലക്കിയിരുന്നു.

Advertisement