എഡിറ്റര്‍
എഡിറ്റര്‍
മമത ബാനര്‍ജിക്ക് മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം
എഡിറ്റര്‍
Friday 3rd January 2014 6:59am

kolkatha-1

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം.

സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് നടക്കുന്ന ഗവര്‍ണര്‍ എം.കെ ശങ്കരനാരായണനും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണവര്‍ഷ കലണ്ടര്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യുന്നതിനിടെയാണ് പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

സ്ഥലപരിമിതി കാരണം മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ അതിര്‍ത്തി ലംഘിച്ചതാണ് പോലീസിനെ ചൊടിപ്പിച്ചത്.

പുറകില്‍ നില്‍ക്കുന്നവരുടെ തള്ളലില്‍ മുന്നിലേക്ക് വന്ന മാധ്യമപ്രവര്‍ത്തതകരെ പോലീസ് തള്ളിമാറ്റി.

ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ടെന്നായിരുന്നു ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ തന്‍മോയ് റോയ് പറഞ്ഞത്.

ഇതില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതോടെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിക്കുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മമതാ ബനര്‍ജി സംഭവസ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം.

Advertisement