Categories

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു

west-bengal...

കൊല്‍ക്കത്ത:  കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Ads By Google

പശ്ചിമബംഗാളിലെ ബരാക്പൂരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആനന്ദബസാര്‍ പത്രികയുടെ ചാനലായ എ.ബി.വി ആനന്ദയിലെ ക്യാമറാമാന്‍ അസ്തിക് ചധോപാധ്യായ, കൊല്‍ക്കത്ത ടി.വിയുടെ ടോണ സിന്‍ഹ റോയ്, 24 ഘണ്ഡ ചാനലിലെ ബാരുണ്‍ സെന്‍ഗുപ്ത എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.

കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവരെ അമ്പത്തിലധികം വരുന്ന  തൃണമൂല്‍ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ കൊടികളും വടിയും ഇരുമ്പുദണ്ഡുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു.

പാര്‍ട്ടീ മുദ്രാവാക്യം ഉറക്കെ വിളിച്ചായിരുന്നു ഇവരെ മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ശേഷം കടകള്‍ അടപ്പിക്കുകയും, റോഡ് ഉപരോധിക്കുകയും ചെയ്തു.

ബംഗാളിലെ സദാര്‍ബസാര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട  തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുറിച്ചുള്ള വാര്‍ത്ത ശേഖരിക്കാനാണ് മാധ്യമപ്രവര്‍ത്തകരെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ക്കിടയിലെ ഒരു പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന വാര്‍ത്ത നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ ഇത് തങ്ങളുടെ പാര്‍ട്ടിക്കാര്യമാണെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങളോട് ആര് പറഞ്ഞു എന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇതിനെ കുറിച്ച് അന്വേഷണം നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.