ഇസ്‌ലാമാബാദ്:   പാക്കിസ്താനിലെ ഡോണ്‍ ന്യൂസ്‌പേപ്പറിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കറാച്ചിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. പത്രപ്രവര്‍ത്തകനായ മുര്‍താസ റസ്‌വിയാണ് കൊല്ലപ്പെട്ടത്. കറാച്ചിയിലെ ഡിഫെന്‍സ് ഹൗസിംഗ് അതോറിറ്റി പ്രദേശത്തെ വീട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ്  പറയുന്നത്. അദ്ദേഹത്തിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

ഡോണിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററും മാഗസിന്‍ ഹെഡുമാണ് റസ്‌വി. റസ്‌വിയ്ക്ക് ശത്രുക്കളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കൊലയാളിയെക്കുറിച്ച് പോലീസ് വിവരം നല്‍കുന്നതിന് മുമ്പ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അവര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.