ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്‌തെന്നാരോപിച്ച് യു.പിയിലെ മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.

മീററ്റ് ജില്ലയിലെ മാധ്യമപ്രവര്‍ത്തകനായ അഫ്ഗാന്‍ സോണിയാണ് പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ വീഡിയോ മോദിയെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു.
മീററ്റ് ഡെയ്‌ലിയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് അഫ്ഗാന്‍സോണി. എന്നാല്‍ തനിക്ക് കിട്ടിയ ഒരു വീഡിയോ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു താനെന്ന് സോണി പറഞ്ഞു.

എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് ഗ്രൂപ്പിലെ ആളുകള്‍ എത്തി. പിന്നാലെ താന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടൊന്നും അവര്‍ അടങ്ങിയില്ല. അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നേരത്തെയും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പലരും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അന്നൊന്നും ഇത്തരം നടപടികള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ ഈ നടപടി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണെന്നും സോണി പറയുന്നു. മോദി അച്ഛാ ദിന്നിനെ കുറിച്ച് ആട്ടിന്‍പറ്റങ്ങളോട് അഭിപ്രായം ചോദിക്കുന്നതും അവര്‍ മറുപടി പറയുന്നതുമായിരുന്നു വീഡിയോ.

അപകീര്‍ത്തികരമായ വീഡിയോ ആണ് ഇദ്ദേഹം പ്രചരിപ്പിച്ചതെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മീററ്റ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് മന്‍സില്‍ സൈനി പറഞ്ഞു.