ലഖ്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പരിപാടി നടക്കുന്ന വേദിയില്‍ നിന്നും പുറത്താക്കി.  വാരാണസിയിലാണ് സംഭവം.

കറുപ്പ് വസ്ത്രം ധരിച്ചാണ് എത്തിയതെന്നും കറുപ്പ് അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു സംഘാടകര്‍ എ.എന്‍.ഐയുടെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.

കറുപ്പ് ജാക്കറ്റ് മാറ്റി വരികയാണെങ്കില്‍ മാത്രം പ്രവേശിപ്പിക്കാമെന്ന നിലപാടിലായിരുന്നു സംഘാടകര്‍. മാധ്യമപ്രവര്‍ത്തകരെ പൊലീസുകാരും സംഘാടകരും ചേര്‍ന്ന് ഇവരെ പരിപാടിയില്‍ നിന്നും പുറത്താക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പരിപാടി നടക്കുന്ന സദസിലേക്ക് മാധ്യമപ്രവര്‍ത്തകന്‍ പ്രവേശിക്കാനൊരുങ്ങുമ്പോള്‍ ഒരു പൊലീസുകാരന്‍ ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുകയും കറുപ്പ് വസ്ത്രമിട്ട് അകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇത് വസ്ത്രമാണെന്നും പ്രതിഷേധമല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ല. ഒരാളെ അതിന് അനുവദിച്ചാല്‍ എല്ലാവരും കറുപ്പ് വസ്ത്രം ധരിച്ച് കയറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പൊലീസുകാരും സംഘാടകരും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകനേയും ക്യാമറാമാനേയും പുറത്താക്കുകയായിരുന്നു.

ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുന്ന റാലികളില്‍ പോലും കറുപ്പ് വസ്ത്രം ധരിച്ച് ആരെയും പങ്കെടുക്കാന്‍ അനുവദിക്കാറില്ല. ഇക്കഴിഞ്ഞ നവംബറില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.

അതേസമയം യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ ആരും കരിങ്കൊടി കാണിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ബാലിയ എസ്.പി അനില്‍ കുമാര്‍ പറഞ്ഞു. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ വ്യാപകമായി കരിങ്കൊടി പ്രയോഗം വന്നതോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. അതേമസമയം ജനങ്ങള്‍ എന്ത് ധരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അമിത് ഷായുടെ പരിപാടിയില്‍ കരിങ്കൊടി കാട്ടാതിരിക്കാനായി, കറുപ്പ് വസ്ത്രം ധരിച്ചെത്തുന്നവരെ തടയാന്‍ പൊലീസ് എടുത്ത ഊര്‍ജ്ജം യു.പിയില്‍ അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന് കിടക്കുന്ന ആ കുട്ടികളെ രക്ഷിക്കാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ രണ്ട് ജീവനെങ്കിലും സംരക്ഷിക്കാമായിരുന്നില്ലേയെന്ന ചോദ്യമാണ് ട്വിറ്ററില്‍ പലരും ഉയര്‍ത്തുന്നത്.