കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുള്ളയാളാണ് ജ്യോതിഷി ഹരി പത്തനാപുരം. തന്റെ ജ്യോതിഷം പേജിലൂടെ അദ്ദേഹം പുറത്തു വിടുന്ന വീഡിയോകളെല്ലാം വന്‍ പ്രചാരം നേടാറുമുണ്ട്. ജ്യോതിഷമാണെങ്കിലും കാര്യങ്ങളെ യുക്തിസഹമായി കാണുന്നതാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായി തന്റെ കാമുകിയെ ജാതകദോഷം പറഞ്ഞ് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന യുവാവിന് ഹരി പത്താനാപുരം നല്‍കിയ മറുപടി വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ വീണ്ടും ജ്യോതിഷി ഹരി പത്താനാപും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇത്തവണ ശത്രു സംഹാരത്തെ കുറിച്ച് സംശയം ആരാഞ്ഞ സ്ത്രീയ്ക്ക് കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയാണ് ഹരി ശ്രദ്ധേയനായിരിക്കുന്നത്. സൂര്യ ടിവിയിലെ ശുഭാരംഭം ജ്യോതിഷ സംശയനിവാരണ പരിപാടിയിലാണ് സംഭവം.

തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു കൊണ്ടുള്ള ഒരു സ്ത്രീയുടെ കത്തില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. വിധവയായ സ്ത്രീ തന്റെ കത്തില്‍ പറയുന്നത്, താനും മകളും ഒരുമിച്ചാണ് താമസിക്കുന്നത്. ബി.കോമിന് പഠിക്കുന്ന മകള്‍ക്ക് വിവാഹാലോചനകള്‍ നടക്കാതെ വന്നതോടെയാണ് ജാതകം നോക്കിയത്. അപ്പോഴാണ് അറിയുന്നത് തങ്ങള്‍ക്കെതിരെ സഹോദര തുല്യനായ ആരോ ശത്രു സംഹാര ക്രിയകള്‍ ചെയ്യുന്നുണ്ടെന്നും ഭര്‍ത്താവിന്റെ മരണത്തിനടക്കം ഇതാണ് കാരണമെന്നും. ഇങ്ങനെ പോകുന്നു കത്തയച്ച സ്ത്രീയുടെ ആകുലതകള്‍.


Also Read:  ‘സ്ത്രീയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല;’ മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ഐസകിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തക 


കത്തു മുഴുവന്‍ വായിച്ച ശേഷം ഹരി നല്‍കുന്ന മറുപടി ഒരേ സമയം രസകരവും യുക്തി സഹവുമാണ്. ഹിന്ദു മതത്തിലെന്ന ഒരു മതത്തിലും ശത്രു സംഹാരം എന്നൊന്നില്ലെന്നു പറയുന്ന ഹരി, ഉദാഹരണമായി തന്റെ തന്നെ അനുഭവം പറയുന്നു. താന്‍ കഴിഞ്ഞ കുറേ നാളുകളായി തന്റെ ജാതകമടക്കമുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിടുകയും തനിക്കെതിരെ ശത്രുസംഹാര ക്രിയകള്‍ ചെയ്യാന്‍ വെല്ലു വിളി നടത്തിയിരിക്കുകയാണെന്നും ഹരി പറയുന്നു. എന്നാല്‍ ഇതു വരേയും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറയുന്നു.

തൊട്ടടുത്തായി അദ്ദേഹം പറയുന്ന ഉദാഹരണമാണ് കൂടുതല്‍ രസകരം. ശത്രു സംഹാരത്തിലൂടെ ആരെയെങ്കിലും നശിപ്പിക്കാന്‍ കഴിയുമെങ്കില്‍ മോദി സര്‍ക്കാരിന് രാജ്യത്തിന്റെ അതിര്‍ത്തിയിലെ പട്ടാളക്കാരെ കൊണ്ട് പാകിസ്ഥാനെതിരേയും ചൈനക്കെതിരേയും ശത്രുസംഹാര ക്രിയ നടത്തിയാല്‍ പോരെ വെറുതെ സമയവും കാശും കളയണോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

രസകരമായ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.