Categories

ആര്‍.എസ്.എസിനൊപ്പമിരുന്ന് സംസാരിക്കുന്ന ചിത്രം പുറത്തുവന്നാല്‍ പിണറായിയുടെ ദുരഭിമാനം ഇടിയും; മാധ്യപ്രവര്‍ത്തകരോട് കയര്‍ത്തത് അതുകൊണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി നടക്കുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ രൂക്ഷമായി വിര്‍മശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍.


Dont Miss കടക്ക് പുറത്ത് ; സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് പിണറായി വിജയന്‍


ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പമിരുന്ന് വര്‍ത്തമാനം പറയാന്‍ പിണറായിയുടെ ദുരഭിമാനം അനുവദിക്കുന്നില്ല. മനസില്ലാമനസോടെ അവിടെയത്തിയ അദ്ദേഹം മുന്നില്‍ കണ്ട മാധ്യമപ്രവര്‍ത്തകരോട് ദേഷ്യം തീര്‍ക്കുകയായിരുന്നുവെന്ന് ജോസഫ് വാഴയ്ക്കന്‍ പറയുന്നു.

തന്റെ ദേഷ്യം ഗവര്‍ണര്‍ക്ക് മുന്‍പില്‍ തീര്‍ക്കാന്‍ പിണറായിക്ക് ആവില്ല. അതുകൊണ്ടാണ് മാധ്യമങ്ങളുടെ മെക്കിട്ട് കേറിയത്. അല്ലെങ്കിലും ഇപ്പോള്‍ നടക്കുന്ന ഈ ചര്‍ച്ചയൊക്കെ വെറും അഡ്ജസ്റ്റ്‌മെന്റല്ലേ- ജോസഫ് വാഴക്കന്‍ ചോദിക്കുന്നു.

ആര്‍.എസ്.എസിനോടോ മോദിയോടോ പിണറായിക്ക് യാതൊരു വിരോധവുമില്ല. അതുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഏറ്റവും വലിയ ടാര്‍ജറ്റ് താനാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് പിണറായി.

തിരുവനന്തപുരത്ത് നടന്ന അക്രമം പോലും ഒരു അഡ്ജസ്റ്റ്‌മെന്റാണ്. രണ്ടുപാര്‍ട്ടിയിലേയും തെറ്റുകള്‍ മറച്ചുപിടിക്കാന്‍ വേണ്ടിയുള്ള കളിയാണ് ഇതെന്നും ജോസഫ് വാഴക്കന്‍ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെയായിരുന്നു സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി പറഞ്ഞത്. കടക്കൂ പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

ഇതോടെ മുറിയില്‍ നിന്നും ക്യാമറാമാന്‍മാര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങുകയും ചെയ്തു. സാധാരണ ഗതിയില്‍ സമാധാന ചര്‍ച്ച നടക്കുമ്പോള്‍ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ചിത്രം പകര്‍ത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറാണ് പതിവ്. എന്നാല്‍ ഇന്ന് ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് ഫോട്ടോ പോലും എടുക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. മുഖ്യമന്ത്രിയും കോടിയേരിയും ഒന്നിച്ചായിരുന്നു സമാധാന ചര്‍ച്ചക്കായി എത്തിയത്.

Tagged with: