കോട്ടയം: സഭ പുറത്തിറക്കുന്ന രാഷ്ട്രീയ ഇടയലേഖനങ്ങളോട് പല മെത്രാന്മാര്‍ക്കും യോജിപ്പില്ലെന്ന് ജോസഫ് പുലിക്കുന്നേല്‍. അവര്‍ പലരും ഇത്തരം ഇടയ ലേഖനത്തില്‍നിന്നും വിട്ടു നില്‍ക്കുകയാണ്. മതനിരപേക്ഷ രാഷ്ട്രത്തില്‍ മതപുരോഹിതാധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടരുത് എന്ന സുവര്‍ണരേഖ ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് വോട്ട് ബാങ്കുണ്ട് എന്ന മിഥ്യാധാരണ രാഷ്ട്രീയ പാര്‍ടികളില്‍ സൃഷ്ടിച്ച് രാഷ്ട്രീയത്തില്‍ തങ്ങളുടെ നിതാന്ത സാന്നിധ്യം സൃഷ്ടിക്കുകയാണ് എക്കാലത്തും മെത്രാന്മാര്‍ ചെയ്തത്.

യഥാര്‍ഥത്തില്‍ മെത്രാന്മാരുടെ വോട്ടുബാങ്ക് എന്നത് ഒരു വ്യാജ ബാങ്കാണ് എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിയണം. പള്ളികളുടെ യഥാര്‍ഥ ഉടമകളായിരുന്ന വിശ്വാസികളെ പുരോഹിതര്‍ ഇന്ന് കേവലം ഉപദേശകരാക്കി മാറ്റി. ദൈവവിശ്വാസമില്ലാത്തവര്‍ക്കും സ്വതന്ത്രര്‍ക്കും വോട്ടു കൊടുക്കരുതെന്നാണ് മെത്രാന്മാരുടെ ആഹ്വാനം.

ദൈവത്തെ സംരക്ഷിക്കുന്നതിന് ഇന്ന് അവര്‍ വോട്ടിനെ ആശ്രയിക്കുന്നു. വിശ്വാസികള്‍ക്കെതിരെ എന്ന നിലയിലുള്ള ഭീഷണി സമുദായത്തില്‍ വിലപ്പോകുകയില്ല. ഇവിടുത്തെ കത്തോലിക്കര്‍ രാഷ്ട്രീയ ബോധമുള്ളവരാണ്. പുരോഹിതാധികാരത്തെ നിലനിര്‍ത്തുന്നതിനല്ല മറിച്ച് അവരുടെ സമുദായത്തെ നിലനിര്‍ത്തുന്നതിലാണ് അവര്‍ക്കു താല്‍പര്യം.