റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ജനാധിപത്യത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമം അത്യന്തം അപകടകരമെന്നു എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ . പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിെന്റ വധത്തെ തുടര്‍ന്ന് ഇന്ത്യയിലെമ്പാടും മാധ്യമ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയാദില്‍ ഇന്ത്യന്‍ മീഡിയ ഫോറം ബത്ഹയിലെ ഓഫീസില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ ഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഇല്ലാതായതെന്ന് ജോസഫ് പറഞ്ഞു. ജനാധിപത്യ പരമാധികാര റിപബ്ലിക്കിന് പകരം ഭയത്തിന്റെ റിപബ്ലിക്ക് സൃഷ്ടിക്കാനാണ് ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. വിയോജിക്കാനുള്ള അവകാശം ഭാരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇന്ത്യയുടെ പാരമ്പര്യം ബഹുസ്വരതയുടേതാണ്. ബഹുസ്വരത അവസാനിക്കുന്നിടത്ത് ഫാഷിസം ആരംഭിക്കുന്നു.

ഗാന്ധിയെയും നെഹ്‌റുവിനെയും പുറന്തള്ളി പാഠപുസ്തകങ്ങള്‍ വരുമ്പോള്‍ പുതിയ തലമുറ മഹത്തായ ചരിത്രങ്ങള്‍ അറിയാതെ പോകും. കൊലപാതകികള്‍ക്ക് പ്രതിമ നിര്‍മിക്കുന്ന കാലത്ത് ആരാണ് ശെരിയെന്ന് തലമുറകള്‍ മനസിലാക്കാതെ പോകും. ഇത് അനുവദിക്കാന്‍ പാടില്ല. ജനകീയമായ ചെറുത്തുനില്‍പുണ്ടാവണം. എഴുതുക എന്നാല്‍ പോരാടുക എന്ന് കൂടി അര്‍ഥമുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഇരുള്‍ മൂടുന്ന ഈ കാലത്ത് ചെരാതുകള്‍ പോലെ ജനാധിപത്യ, മതേതര കൂട്ടായ്മകള്‍ രാജ്യമെങ്ങും ഉയര്‍ന്നുവരണം. ധബോല്‍ക്കാര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹമാണന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ‘മാധ്യമസ്വാതന്ത്ര്യത്തി്‌ന്റെ നെഞ്ച് തുളച്ച വെടിയുണ്ടകള്‍’ എന്ന വിഷയം ചീഫ് കോഓഡിനേറ്റര്‍ റഷീദ് ഖാസിമി അവതരിപ്പിച്ചു. വെല്‍ഫെയര്‍ കണ്‍വീനര്‍ സുലൈമാന്‍ ഊരകം സ്വാഗതം പറഞ്ഞു. നവാസ് ഖാന്‍ പത്തനാപുരം, ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കുഞ്ചീസ്, സമീഷ് സജീവ്, മുജീബ് താഴത്തേതില്‍, ഫരീദ് ജാസ്, നൗഫല്‍ പാലക്കാടന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പ?െങ്കടുത്തു.