എഡിറ്റര്‍
എഡിറ്റര്‍
ജോസ് പ്രകാശ് അന്തരിച്ചു
എഡിറ്റര്‍
Saturday 24th March 2012 2:29pm


പ്രശസ്ത നടന്‍ ജോസ് പ്രകാശ് അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമാ നാടകരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് കഴിഞ്ഞദിവസം അദ്ദേഹത്തിന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നാളെ ആശുപത്രിയിലെത്തി പുരസ്‌കാരം സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

1925 ല്‍ ചങ്ങാനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസഫിന്റെ ജനനം. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസഫിന് ജോസ് പ്രകാശ് എന്ന പേര് നല്‍കിയത്.

ഒരുയാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് സിനിമ കണ്ടതിനാല്‍ വീട് വിട്ട് ഇറങ്ങേണ്ടിവരികയും പിന്നീട് ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ചേരുകയുമായിരുന്നു. എന്നാല്‍ സിനിമയോടുള്ള താല്‍പര്യം കാരണം ഏഴ് വര്‍ഷത്തെ സൈനിക ജോലി ഉപേക്ഷിച്ച് നാടക സിനിമാ രംഗങ്ങളില്‍ സജീവമായി.

ഗായകന്‍ ആയിട്ടാണ് ജോസ് പ്രകാശ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 1953 റിലീസായ ശരിയോ തെറ്റോ എന്ന സിനിമയില്‍ ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. പാട്ടുകാരനായ വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. സിനിമയിലെ പാടുപെട്ട് പാടങ്ങളില്‍ എന്ന ഗാനം പി.ലീലയ്‌ക്കൊപ്പമാണ് ജോസ് പ്രകാശ് ആലപിച്ചത്. 60 കളാകുമ്പോഴേക്കും ചലച്ചിത്രങ്ങളില്‍ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീര്‍ന്നു.

1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇന്‍ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. ഓളവും തീരവും എന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം. പിന്നീട് ഇതുവരെ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും ഒടുവില്‍ ട്രാഫിക് എന്ന ചിത്രത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

Malayalam news

Kerala news in English

Advertisement