എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ഞങ്ങളെ അപമാനിച്ചു ; പ്രാദേശികമായി സി.പി.ഐ.എമ്മുമായി കൂട്ടുകൂടുന്നത് അത്ര വലിയ കാര്യമല്ലെന്നും ജോസ് കെ മാണി
എഡിറ്റര്‍
Friday 5th May 2017 1:52pm

തിരുവനന്തപുരം: പാര്‍ട്ടിയെ അപമാനിച്ചതിലുള്ള മറുപടിയാണ് കോട്ടയത്തേതെന്ന് ജോസ് കെ മാണി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും ഇതുകൊണ്ടാണ് കോട്ടയത്തെ പ്രാദേശിക നേതാക്കള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ജോസ് കെ മാണി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. അപമാനിക്കപ്പെട്ടാല്‍ ഇനിയും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ തീരുമാനിച്ചു. അതില്‍ തെറ്റായൊന്നും കാണുന്നില്ല. പ്രാദേശികമായി സി.പി.ഐ.എമ്മുമായി കൂട്ടുകൂടുന്നത് അത്ര വലിയ കാര്യമല്ല. ധാരണകള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഒരിടത്തേക്ക് മാത്രം പോരെന്നും ജോസ് കെ മാണി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് ഏതെങ്കിലുമൊരു കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയൊന്നുമല്ലെന്ന് കെ.എം മാണി ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മാര്‍കിസ്റ്റ് പാര്‍ട്ടിയോട് അസ്പൃശ്യതയില്ല. പ്രാദേശികമായി അവരുമായി തൊട്ടുപോയി എന്നത് വലിയ അപരാധമായി കാണേണ്ടതില്ലെന്നും അന്ധമായ വിരോധവും ആരോടുമില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.

കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരുമുന്നണിയിലുമില്ല. അതുകൊണ്ട് സ്വതന്ത്രമായ നിലപാടെടുക്കാം. യുഡിഎഫില്‍ ആലോചിക്കേണ്ട കാര്യമില്ല. കോട്ടയം ഡിസിസി വിലക്ക് വാങ്ങിയ തീരുമാനമാണിത്.

കോട്ടയം ഡിസിസി കേരള കോണ്‍ഗ്രസിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. അതിലുള്ള പ്രവര്‍ത്തകരുടെ പ്രതികരണമായി മാത്രം ഇതിനെ കണ്ടാല്‍ മതി. വേദനിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണമായി ഇതിനെ കണ്ടാല്‍ മതി. അല്ലാതെ താനോ നേതൃത്വമോ അങ്ങനെയൊരു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. സാഹചര്യം ആലോചിക്കുമ്പോള്‍ അവരെ തള്ളിപ്പറയാനില്ല. പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. പാര്‍ട്ടി തലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞിരുന്നു.

Advertisement