ലോസ് ആഞ്ചല്‍സ്: റയല്‍ മാഡ്രിഡ് കോച്ച് ജോസ് മൗറീഞ്ഞോയുടെ കീഴില്‍ കളിക്കുകയാണ് തന്റ സ്വപ്‌നമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ലോക ഫുട്‌ബോളിലെ ഗ്ലാമര്‍താരവുമായ ഡേവിഡ് ബെക്കാം.

‘മൗറീഞ്ഞോയുടെ കീഴില്‍ കളിക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്‌നമാണ്. ഞാനും വിഭിന്നനല്ല. അവസരം ലഭിക്കുകയാണെങ്കില്‍ റയലിനായ് വീണ്ടും ബൂട്ട് കെട്ടാനൊരുക്കമാണ്’ .മുന്‍ റയല്‍താരം കൂടിയായ ബെക്കാം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മൗറീഞ്ഞോയുടെ കീഴില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനവും ബാര്‍സലോനയെ മറികടന്ന് കോപ്പാ ഡെല്‍റെ കപ്പും നേടിയിരുന്നു. തുടര്‍ന്ന് ഫിഫയുടെ കോച്ച് ഓഫ് ദ ഇയര്‍ ബഹുമതിയും കഴിഞ്ഞ ജനുവരിയില്‍ മൗറീഞ്ഞോയെ തേടിയെത്തിയിരുന്നു.

മാഡ്രിഡിന്റെ മുന്‍താരമാണ് ബെക്കാം. 2003-2007 കാലത്തായി 4 വര്‍ഷം ബെക്കാം റിയലിലുണ്ടായിരുന്നു. നിലവില്‍ അമേരിക്കയിലെ ലോസ് ആഞ്ചലസ് ഗ്യാലക്‌സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. റയലുമായി അടുത്തശനിയാഴ്ച ഗ്യാലക്‌സി ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്. ഇതിന് മുന്‍പായാണ് പഴയ ക്ലബ്ബിനോടുള്ള തന്റെ താല്‍പര്യം താരം വ്യക്തമാക്കിയത്.