കണ്ണൂര്‍: സുപ്രീം കോടതി ജഡ്ജിക്ക് പണം നല്‍കുന്നിന് കെ.സുധാകരന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മദ്യ വ്യവസായി ഇല്ലിക്കല്‍ ജോസിനെ പോലീസ് ചോദ്യം ചെയ്തു. പയ്യന്നൂര്‍ അന്നൂരിലെ ജോസിന്റെ വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തിരുവനന്തപുരം പൂജപ്പുര എസ്.ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിന് സുപ്രീം കോടതി ജഡ്ജിക്ക് പണം നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്ന സുധാകരന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സുധാകരന്‍ സാക്ഷിയല്ല, ഇടനിലക്കാരനാണെന്നായിരുന്നു ജോസ് ഇല്ലിക്കലിന്റെ പ്രസ്താവന. തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും ജോസ് ഇല്ലിക്കല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.