അഹമ്മദാബാദ്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥന്‍ ട്രോട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്തെത്തി. ക്രിക്കറ്റിന്റെ വിശ്വാസ്യതയെ ട്രോട്ട് ഇല്ലാതാക്കിയെന്നാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്.

Ads By Google

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോഹ്‌ലി അടിച്ച ഒരു ബോള്‍ അനായാസമായി ജൊനാഥന്‍ ട്രോട്ടിന് ക്യാച്ച് ചെയ്യാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് വിട്ടു കളഞ്ഞു. ഇതിലൂടെ ക്രിക്കറ്റിന്റെ വിശ്വാസ്യതയെയാണ് അദ്ദേഹം ഇല്ലാതാക്കിയത്.

ടി.വി റീപ്ലേയിലൂടെ അത് കാണുന്ന ആരും അംബരപ്പെട്ടുപ്പോകുന്ന രീതിയിലായിരുന്നു ട്രോട്ടിന്റെ പ്രകടനം. വളരെ നിസാരമായ ഒരു ക്യാച്ചായിരുന്നു അത്. മനപൂര്‍വം അത് പിടിക്കേണ്ടെന്ന് കരുതി ഒഴിവാക്കുന്ന ഒരാളെപ്പോലെയാണ് ട്രോട്ട് ബോളിനെ സമീപിച്ചത്.

അവിടെ ക്രിക്കറ്റിന്റെ മാന്യതയും വിശ്വാസ്യതയുമാണ് നഷ്ടമാകുന്നത്. ഇത്രയും വലിയൊരു മത്സരത്തില്‍ ഇത്ര നിസാരമായി വലിയ താരങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.

താരങ്ങളുടെ ഇത്തരം പ്രകടനങ്ങള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ട്രോട്ടിനെതിരെ ടീം നടപടിയെടുക്കണമെന്നാണ് എനിയ്ക്ക് തോന്നുന്നത്.- ഗവാസ്‌ക്കര്‍ പറഞ്ഞു.

എന്നാല്‍ ആ അവസരത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിയ്ക്ക് അറിയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ട്രോട്ട് പറഞ്ഞത്. അതൊരു മനോഹരമായ ക്യാച്ചായിരുന്നെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് അയാള്‍ ഇത്ര അശ്രദ്ധമായി പെരുമാറിയെന്ന് അറിയില്ലെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.