എഡിറ്റര്‍
എഡിറ്റര്‍
ജോനാഥന്‍ ബൗദിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
എഡിറ്റര്‍
Wednesday 6th August 2014 11:00am

jonathan-baud
കൊച്ചി: മാവോവാദി ബന്ധമുണ്ടെന്ന് സംശയിച്ച് തൃശ്ശൂര്‍ വലപ്പാട് പോലിസ് കസ്റ്റഡിയിലെടുത്ത സ്വിസ് പൗരന്‍ ജോനാഥന്‍ ബൗദ്‌ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി.

തനിക്ക് ഇന്ത്യയിലെ ഒരു സംഘടനയുമായി ബന്ധമില്ലെന്നും നിരോധിത സംഘടനകളില്‍ അംഗമല്ലെന്നും ചൂണ്ടിക്കാട്ടി ബൗദ്‌ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യു വിശദീകരണം തേടിയത്.  നേരത്തെ കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോ വാദി സിനോജിന്റെ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പേരിലാണ് ജോനാഥന്‍ ബൗദിനെ കഴിഞ്ഞ മാസം 28ന് വലപ്പാട് പോലിസ് കസ്റ്റഡിയിലെടുത്തത്. പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചു, നിരോധിത സംഘടനകളില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് ബൗദിനെതിരെ ചുമത്തിയിട്ടുള്ളത്.

ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയ ബൗദ്‌ ജൂലായ് ഏഴു മുതല്‍ കണ്ണൂരില്‍ താമസിച്ച് വരികയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ കൈയില്‍ പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്നും താമസസ്ഥലത്ത് നിന്നും അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കപ്പെടുന്ന ലഘുലേഘകള്‍ കണ്ടെടുത്തുവെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോനാഥന്‍ തന്റെ കൂട്ടുകാരിയുമൊത്ത് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്നതാണെന്നും കര്‍ണാടകയിലെ ചിലഭാഗങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലെ കണ്ണുരിലേയ്ക്ക് വരികയുമായിരുന്നുവെന്ന് ജോനാഥന്റെ അഭിഭാഷകനായ അഡ്വ. സഗീര്‍ മുമ്പ് ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.

കണ്ണൂരില്‍ പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. അതിനെക്കുറിച്ച് ദേശാഭിമാനി റിപ്പോര്‍ട്ടും വന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ചാണ് അദ്ദേഹം ഗവേഷണം ചെയ്യുന്നത്. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ ജോനാഥന് താല്‍പര്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വീക്ഷിക്കാനും അവയുടെ പ്രവര്‍ത്തന രീതികളറിയാനും അദ്ദേഹം ശ്രമിക്കാറുണ്ടെന്നും അഭിഭാഷകന്‍ സഗീര്‍ വ്യക്തമാക്കിയിരുന്നു.


അനുഭവിച്ചത് കടുത്ത മനുഷ്യാവകാശലംഘനം; മരണം വരെ ഇനി ഇന്ത്യയിലേയ്ക്കില്ല; ജൊനാഥന്‍ ബൗദ്

Advertisement