hihg-court കൊച്ചി: ആപ്പിള്‍ ബില്‍ഡേഴ്‌സ് തട്ടിപ്പിന് സമാനമായ ജോമോന്‍ ബില്‍ഡേഴ്‌സ് തട്ടിപ്പ് കേസില്‍ വെട്ടിപ്പ് നടത്തിയ കമ്പനിയുടെ വസ്തുവകകള്‍ വിറ്റ് ഇടപാടുകാര്‍ക്ക് പണം നല്‍കണമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ കമ്പനി ബെഞ്ചിലെ ജസ്റ്റിസ് സിരിജഗനാണ് വിധി പ്രസ്താവിച്ചത്.

ഫ്‌ളാറ്റ് നിര്‍മ്മിച്ച നല്‍കാമെന്ന വാഗ്ദാനം നല്‍കി 300ഓളം പേരെ കമ്പനി വഞ്ചിച്ചുവെന്നാണ് കേസ്. 16 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ 19 ഫഌറ്റുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതില്‍ എട്ട് ഫഌറ്റുകളുടെ നിര്‍മ്മാണം മുടങ്ങിയപ്പോള്‍ 1998ല്‍ കമ്പനി എം.ഡി എന്‍.ആര്‍.ആര്‍ നമ്പ്യാര്‍ മുങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇടപാടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനി എം.ഡി മുങ്ങിയ സാഹചര്യത്തില്‍ ഇടപാടുകാര്‍ തന്നെ പണം ചെലവഴിച്ച് ആറ് ഫഌറ്റുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ അതിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കമ്പനി എം.ഡി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം കോടതി തള്ളി.

എന്നാല്‍ സ്വത്തുക്കള്‍ വിറ്റ പണം ഇടപാടുകര്‍ക്കുള്ള ബാധ്യത കൊടുത്ത തീര്‍ക്കാന്‍ തികയുമോയെന്ന് വ്യക്തമല്ലെന്ന് അസോസിയേഷന് വേണ്ടി ഹാജരായ അഡ്വ. ജേക്കബ് മാത്യു മണലില്‍ വ്യക്തമാക്കി.