Categories

ജോമോള്‍ അച്ഛനെതിരെയുള്ള പരാതി പിന്‍വലിച്ചു

സ്വന്തം ലേഖകന്‍

കോഴിക്കോട്: അച്ഛനെതിരെ പരാതിയുമായി കോടതി കയറിയ നടി ജോമോള്‍ ഒടുവില്‍ പരാതി പിന്‍വലിച്ചു. സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് അച്ഛനെതിരെ പരാതിയില്ലെന്ന് ജോമോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന് രേഖാമൂലം എഴുതി നല്‍കി. സിനിമകളില്‍ നിന്ന് അഭിനയിച്ചും വിദേശ പരിപാടികളില്‍ പങ്കെടുത്തും താന്‍ സമ്പാദിച്ച 70 ലക്ഷം രൂപ അച്ഛന്‍ തട്ടിയെടുത്തെന്നായിരുന്നു ജോമോളുടെ പരാതി.

പിതാവ് എ.കെ ജോണിനെതിരെ 2005ലാണ് ജോമോള്‍ പരാതി നല്‍കിയത്. പിതാവുമായി കേസ് തുടരാന്‍ ആഗ്രഹമില്ലെന്നും സ്വമേധയാ കേസില്‍ നിന്നും പിന്‍മാറുകയാണെന്നും ജോമോള്‍ പോലീസിന് ഏഴുതി നല്‍കി.

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ 2005 ഏപ്രിലിലാണ് ജോമോള്‍ അച്ഛനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്നെ വഞ്ചിച്ച് 70 ലക്ഷത്തോളം രൂപയും ആഭരണങ്ങളും അച്ഛന്‍ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. കേസ് കൂടുതല്‍ അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് പോലീസിന് കൈമാറുകയായിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി ജോമോള്‍ അഭിനയിച്ച സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും പോലീസ് തെളിവെടുത്തിരുന്നു. ഇതിനു പുറമെ ആദായ നികുതി വകുപ്പില്‍ നിന്നും ജോമോള്‍ നല്‍കിയ റിട്ടേണുകളുടെ കോപ്പിയും പോലീസ് ആവശ്യപ്പെട്ടിരുന്നു. കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് പരാതി പിന്‍വലിക്കുന്നതായി ജോമോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തപാല്‍ വഴിയാണ് പോലീസിന് രേഖാമൂലമുള്ള അപേക്ഷ ലഭിക്കുന്നത്. രേഖ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ കേസ് ഒത്തുതീര്‍പ്പാകുമെന്നാണ് കരുതുന്നത്.

കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായി വ്യക്തി ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. 2005ല്‍ ജോമോള്‍ അച്ഛനെതിരെ വാര്‍ത്താ സമ്മേളനവുമായി രംഗത്ത് വരുന്നതോടെയാണ് കേസ് വിവാദമായത്. പിന്നീട് പോലീസിനെ ഏറെ വലച്ച കേസായിരുന്നു ഇത്. ജോമോളുടെ വരുമാന സ്രോതസ്സ് കണ്ടെത്തുന്നതിന് പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. അതിനായി പലതവണ പോലീസ് ചെന്നൈയിലേക്ക് വണ്ടി കയറി. പല പോലീസുകാരും അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് മാറി. ഇതിനിടെയാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതായി ജോമോള്‍ തന്നെ അറിയിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.