എഡിറ്റര്‍
എഡിറ്റര്‍
ആദ്യത്തെ സെയ്ല്‍ഫിഷ് ഒഎസ് പവേഡ് സ്മാര്‍ട്ട്‌ഫോണ്‍ ജോല 27-ന് എത്തും
എഡിറ്റര്‍
Sunday 17th November 2013 1:18pm

jolla

സെയ്ല്‍ഫിഷ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുളള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായ ജോല ഈ മാസം 27-ന് എത്തും.

നോക്കിയയിലെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് ജോല. ജോലയും ഫിന്നിഷ് ടെലികോം ഓപ്പറേറ്ററായ ഡി.എന്‍.എയും ചേര്‍ന്നാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ജോല വാര്‍ത്ത സ്ഥിരീകരിച്ചത്. ‘ആദ്യത്തെ ജോല ഫോണ്‍ നവംബര്‍ 27-ന് ഹെല്‍സിങ്കിയിലായിരിക്കും പുറത്തിറക്കുന്നത്.’

399 യൂറോയാണ് വിലയായി ജോലയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്, ഏകദേശം 34,000 രൂപ.

മുന്‍കൂര്‍ ബുക്ക് ചെയ്തിരിക്കുന്ന 450 ഫോണാണ് ഈ മാസം 27-ന് വിതരണം ചെയ്യുന്നത്. മറ്റുളളവ ഡിസംബര്‍ ആദ്യത്തോടെ ഡി.എന്‍.എ കൗപ്പ ഔട്ട്‌ലെറ്റിലൂടെയും വിതരണം ചെയ്യും.

4.5 ഇഞ്ച് എസ്‌ട്രേഡ് (540×960 പിക്‌സല്‍സ്) ഡിസ്‌പ്ലേ, 1.4 ജിഗാ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, വണ്‍ ജി.ബി റാം, 16 ജി.ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് എന്നിവയാണ് സ്‌പെസിഫിക്കേഷന്‍സ്.

എന്നാല്‍ മൈക്രോ എസ്.ഡി കാര്‍ഡിന്റെ കപ്പാസിറ്റി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

എട്ട് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറയും എല്‍.ഇ.ഡി ഫ്‌ളാഷും ഒരുക്കിയിട്ടുണ്ട്. ഫ്രണ്ട് ക്യാമറ രണ്ട് മെഗാപിക്‌സലാണ്.

മാറ്റി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കവറുകളാണ് മറ്റൊരു പ്രത്യേകത.

‘ജോല ലോഞ്ച് ചെയ്യുന്നതോടെ വികസനം അവസാനിച്ചു എന്ന് കരുതേണ്ട. ഉപഭോക്താക്കളുടെ സഹകരണത്തോടെ കൂടുതല്‍ കൂടുതല്‍  മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.’ ജോലയുടെ സി.ഇ.ഒയായ ടോമി പെയ്‌നിമാകി പറയുന്നു.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനോട് കിടപിടിക്കത്തക്കതാണ് സെയ്ല്‍ഫിഷ് ഓപ്പറേറ്റിങ് സിസ്റ്റമെന്ന് ജോല അധികൃതര്‍ അവകാശപ്പെടുന്നു.

നോക്കിയയുടെ മീഗോ ഓപ്പറേറ്റിങ്് സിസ്റ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ജീവനക്കാരാണ് ഈ ഒ.എസിന്റെ വികസനത്തിന് പിന്നില്‍.

മെയ് ആദ്യവാരം തന്നെ ആദ്യ ബാച്ച് ജോല സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു.

ഫിന്‍ലന്റില്‍ നിന്ന് മാത്രമല്ല യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ആളുകള്‍ ഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ട്.

Advertisement