തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുന്നതിനായി സംയുക്ത സംഘം നാളെ കരിപ്പൂരിലെത്തും. ഡി.ജി.സി.എയുടെയും (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്തസംഘമാണ് നാളെ വിമാനത്താവളത്തിലെത്തുന്നത്.

Subscribe Us:

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇക്കഴിഞ്ഞ 18-ആം തിയ്യതി സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിനെ കണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.


Also Read: പോരാട്ട വീര്യം ചോരാതെ രാമന്തളി; വി.ടി ബല്‍റാമും കെ.കെ രമയും സമരവേദി സന്ദര്‍ശിച്ചു; സുരേഷ് ഗോപി എം.പി ഈ മാസം 30-ന് രാമന്തളിയില്‍


ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ സംഘത്തെ പെട്ടെന്ന് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയായാലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാവില്ലെന്ന് നേരത്തേ അശോക് ഗജപതി രാജു വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച മന്ത്രി കെ.ടി. ജലീലിനോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്.

റണ്‍വേ ബലപ്പെടുത്തലിന്റെ പേരിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. സുരക്ഷാവിഷയമായതിനാല്‍ റണ്‍വേ വലുതാക്കാതെ ഈ വിമാനങ്ങള്‍ കരിപ്പൂരിലിറക്കാന്‍ കഴിയില്ലെന്നാണ് വ്യോമയാന മന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റണ്‍വേ സജ്ജമാണോ എന്ന് പരിശോധിക്കുന്നതിന് ഡിജിസിഎയുടെയും (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംഘം 26ന് ബുധനാഴ്ച കരിപ്പൂര്‍ സന്ദര്‍ശിക്കും.
ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതിരാജുവിനെ കണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് പരിശോധനാസംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.