വാഷിങ്ടണ്‍: ജോണ്‍ ലിപ്‌സ്‌കിയെ ഐ.എം.എഫിന്റെ ആക്ടിങ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഐ.എം.എഫ് മുന്‍ മേധാവിയായിരുന്ന ഡൊമനിക് സ്‌ട്രോസ് കാന്‍ ലൈംഗികാപവാദ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് ഐ.എം.എഫ് രണ്ടാമനായിരുന്ന ലിപ്‌സ്‌കിയെ ആക്ടിങ് പ്രസിഡന്റായി പ്രഖ്യാപിച്ചത് .

ഐ.എം.എഫിന്റെ നേതൃസ്ഥാനത്തേക്ക് നിരവധിയാള്‍ക്കാര്‍ മത്സരിക്കുന്നുണ്ട്. ഈ മത്സരം മുറുകാനും സാധ്യതയുണ്ട്. കാലാവധി കഴിയുന്നതോടെ താന്‍ വിരമിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ലിപ്‌സ്‌കി പ്രഖ്യാപിച്ചിരുന്നു.

‘യൂറോപ്പ് ഇപ്പോള്‍ തീപിടിച്ചതുപോലെയാണ്. ലിപ്‌സ്‌കിയെ ആക്ടിങ് എം.ഡിയായി നിയമിച്ചത് നല്ലതുതന്നെ. എന്നാല്‍ ഈ അവസ്ഥയില്‍ എത്രനാള്‍ മുന്നോട്ടുപോകാനാകും?’ ഐ.എം.എഫിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു. സ്‌ട്രോസ് ഖാനെ കൂടാതെ ഐ.എം.എഫ് മുന്നോട്ട് കൊണ്ടുപോകാനുള്ള ലിപ്‌സ്‌കിയുടെ കഴിവ് എത്രയും പെട്ടെന്ന് തെളിയിക്കുക മാത്രമാണ് ഇപ്പോഴുള്ള ആശങ്കകള്‍ക്ക് പരിഹാരമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.