Administrator
Administrator
ബ്രിട്ടാസിന്റെ രാജിക്ക് പിന്നില്‍ സി.പി.ഐ.എം വിഭാഗീയത
Administrator
Friday 22nd April 2011 11:58am

ന്യൂദല്‍ഹി: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ മാനേജിംഗ് ഡയരക്ടറും ന്യൂസ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളിലാണ് രാജിവെക്കുന്നതെന്നാണ് ബ്രിട്ടാസ് അറിയിച്ചത്. എന്നാല്‍ രാജിക്ക് സി.പി.ഐ.എം വിഭാഗീയതയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

പാര്‍ട്ടി വിഭാഗീയ വിഷയങ്ങളില്‍ കൈരളിയും ബ്രിട്ടാസും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനൊപ്പം ശക്തമായി ഉറച്ച് നില്‍ക്കുകയാണ് ചെയ്തിരുന്നത്. വി.എസ് വെറുക്കപ്പെട്ടവന്‍ എന്ന് പറഞ്ഞ ഫാരിസ് അബൂബക്കറുമായി ബ്രിട്ടാസ് നടത്തിയ അഭിമുഖം വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനമുന്നയിച്ചുകൊണ്ടുള്ളതായിരുന്നു ആ അഭിമുഖം.

എന്നാല്‍ അടുത്ത കാലത്തായി കൈരളി വാര്‍ത്തകള്‍ ഒരു വിഭാഗത്തോടും പക്ഷപാതിത്തം കാണിക്കാത്ത തരത്തിലായിരുന്നു . തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈരളിയില്‍ മറ്റു ചാനലുകള്‍ തുടരുന്ന രീതിയില്‍ വി.എസ് അച്ച്യുതാനന്ദന് കൂടുതല്‍ പ്രധാന്യം നല്‍കുന്ന നിലയില്‍ വാര്‍ത്തകള്‍ വന്നു. പാര്‍ട്ടി ഔദ്യോഗിക വിഭാഗം ഇതിനെതിരെ രംഗത്ത് വന്നെങ്കിലും തന്റെ നിലപാടുമായി മുന്നോട്ട് പോവുകയായിരുന്നു ബ്രിട്ടാസ് ചെയ്തത്.

നേരത്തെ ഉള്‍പാര്‍ട്ടി കലാപങ്ങള്‍ മറ്റു ചാനലുകളില്‍ സ്ഥിരം വാര്‍ത്തയായപ്പോള്‍ അത്തരം വാര്‍ത്തകള്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു കൈരളിയും ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇത്തരം വാര്‍ത്തകള്‍ കൈരളിയും റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. പാര്‍ട്ടിയില്‍ വളരെ നിര്‍ണ്ണായകമായ കാലഘട്ടമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്. ഇടത് പ്രചാരണത്തില്‍ വി.എസ് ശ്രദ്ധാകേന്ദ്രമായതും അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായതും കൈരളിയും മറ്റ് ചാനലുകളെപ്പോലെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൈരളിയുടെ പഴയ കാല റിപ്പോര്‍ട്ടിങ് രീതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്.

പൊതുസമൂഹത്തില്‍ വി.എസിന് ലഭിച്ച സ്വീകാര്യത സി.പി.ഐ.എം ഗ്രൂപ്പ് സമവാക്യത്തെ പോലും മാറ്റിയ സാഹചര്യത്തില്‍ കൈരളിയുടെ ഇന്നത്തെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഔദ്യോഗികപക്ഷം ഉറച്ച നിലപാടിലാണ്. ഈ സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജി. കൈരളിയിലെ ചാനലിന്റെ ഉള്ളില്‍ തന്നെ ചിലരുമായി ബ്രിട്ടാസിനുള്ള അഭിപ്രായ വ്യത്യാസങ്ങളും രാജിക്ക് കാരണമായിട്ടുണ്ട്.

അതേസമയം കൈരളിയിലെ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചതായും ചില സംരഭങ്ങള്‍ മനസ്സിലുണ്ടെന്നും അതേ കുറിച്ചുള്ള ആലോചനയിലാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി. കൈരളിയിലെ ക്വസ്റ്റ്യന്‍ ടൈം, ചാറ്റ് ഷോ എന്നീ ജനകീയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ബ്രിട്ടാസ് ആയിരുന്നു.

ഈ മാസം 19ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗം ബ്രിട്ടാസിന് സ്ഥാനമൊഴിയാന്‍ അനുമതി നല്‍കുകയായിരുന്നു. പകരം പുതിയ എം.ഡിയെ കണ്ടെത്താന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ചുമതലപ്പെടുത്തുകയും ചെയ്തു.

കൈരളിയുടെ മാനേജിങ് ഡയറക്ടര്‍ മാത്രമല്ല എഡിറ്ററും കൂടിയായിരുന്നു ബ്രിട്ടാസ്. ക്വസ്റ്റ്യന്‍ ടൈം, ചാറ്റ് ഷോ എന്നീ പരിപാടികള്‍ ചെയ്തിരുന്നത് ബ്രിട്ടാസായിരുന്നു. അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ കൈരളി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന നിലയിലായിരുന്നു. പിന്നീടു പീപ്പിള്‍, വീ ചാനലുകള്‍ കൂടി കൈരളി ആരംഭിച്ചു. തിരുവനന്തപുരത്തു കൈരളിക്കു സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിച്ചു.

Advertisement