ബോളിവുഡിലെ പുരുഷ സൗന്ദര്യത്തിന്റെ സിമ്പല്‍ ജോണ്‍ എബ്രഹാം അധോലോകനായകനാകുന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഷൂട്ടൗട്ട് ഇന്‍ വദാല എന്ന ചിത്രത്തിലാണ് ജോണ്‍ പുതിയ വേഷത്തിലെത്തുന്നത്.

സിന്ദ, ഷൂട്ടൗട്ട് അറ്റ് ലോകന്ദവല, കാന്തി, മുസാഫിര്‍ തുടങ്ങിയ സഞ്ജയ് ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ നീണ്ട ഇടവേളയ്ക്കുശേഷം സഞ്ജയ് തിരിച്ചെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

മന്യ സര്‍വെ എന്ന അധോലോക നായകനെയാണ് ജോണ്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോണിന്റെ ശരീരസൗന്ദര്യമാണ് ഈ കഥാപാത്രം അദ്ദേഹം എല്‍പ്പിക്കാന്‍ കാരണമെന്ന് സഞ്ജയ് പറയുന്നു.

60കളില്‍ അധോലകത്തേക്ക് രംഗപ്രവേശം ചെയ്യുന്ന ഒരു കഥാപാത്രമാണിത്. 70കളില്‍ അധോലോക സാമ്രാജ്യം അടക്കിവാണ മന്യ 80 കളില്‍ തന്റെ അന്ത്യത്തോട് അടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അനില്‍ കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറോട് കൂടി ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.