മുംബൈ: ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വര്‍ഷം മുമ്പ് അശ്രദ്ധയോടെ ബൈക്കോടിച്ച് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച കേസില്‍ പോലീസ് ഇന്നലെ ജോണിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ജോണ്‍ ഓടിച്ച ബൈക്ക് അന്ന് രണ്ടുയുവാക്കളെ ഇടിച്ചിരുന്നു. ഇവരെ ജോണ്‍ എബ്രഹാം തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. കേസില്‍ ജോണിന് 15 ദിവസത്തെ തടവ് ശിക്ഷ കോടതി വിധിക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയത് ജോണ്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളികൊണ്ട് ജോണിനെ അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഹരജി നല്‍കിയ കോടതി ജോണ്‍ എബ്രഹാമിനെതിരെ നടപടിയെടുക്കാന്‍ 2010ല്‍ കീഴ്‌ക്കോടതി നല്‍കിയ ഉത്തരവ് ശരിവെക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

2010 ഒക്ടോബര്‍ 14നാണ് ജോണിന് കോടതി തടവ് ശിക്ഷ വിധിച്ചത്. അതേ ദിവസം തന്നെ ജോണിന് ജാമ്യം ലഭിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുശേഷം ജോണ്‍ ഈ വിധിക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2006 ഏപ്രില്‍ 8നാണ് ജോണ്‍ ഓടിച്ച ബൈക്ക് ഒരു സൈക്കിളിനെ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റത്. ശ്യാം കസബ്, താന്‍മെ മജ്ഹി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതേതുടര്‍ന്ന് ഐ.പി.സി സെക്ഷന്‍ 279 പ്രകാരം ജോണിനെതിരെ കേസെടുക്കുകയായിരുന്നു.

Malayalam news

Kerala news in English