കോഴിക്കോട്: തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് വര്‍ത്തമാനം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നേരെ ആക്രമണം. പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു അക്രമം.

Ads By Google

സംഭവത്തില്‍ വര്‍ത്തമാനം സബ്എഡിറ്റര്‍മാരായ അഫ്‌സല്‍ കോണിക്കല്‍, പി. റഫീഖ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റേയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റേയും നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് പ്രസ് ക്ലബിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആനി ഹാള്‍ റോഡിന് സമീപമുള്ള ഓഫീസിനടുത്തെത്തിയപ്പോഴായിരുന്നു അക്രമം.

മാനേജ്‌മെന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ സംഘമാണ് അക്രമണം നടത്തിയത്. സംഭവത്തില്‍ കെ.യു.ഡബ്ല്യൂ.ജെ, കെ.എന്‍.ഇ.എഫ് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

അക്രമികള്‍ക്കെതിരെ നടപടിയെടുക്കാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.