എഡിറ്റര്‍
എഡിറ്റര്‍
ശെല്‍വരാജിന്റെ മരുമകന് ജോലി നല്‍കിയത് വിവാദത്തില്‍
എഡിറ്റര്‍
Wednesday 14th March 2012 9:52am

കൊച്ചി: രാജിവച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിന്റെ മകളുടെ ഭര്‍ത്താവിന് ജോലി നല്‍കിയത് വിവാദത്തില്‍. നെയ്യാറ്റിന്‍കര എം.എല്‍.എ ആയിരുന്ന ശെല്‍വരാജിന്റെ മകളുടെ ഭര്‍ത്താവ് ഡേവിഡ് സാമുവലിന് കൊച്ചി നഗരസഭയുടെ കുടുംബശ്രീ മിഷന് കീഴിലെ രാജീവ് ആവാസ് യോജന പദ്ധതിയില്‍ ട്രെയിനിങ് കപ്പാസിറ്റി ബില്‍ഡര്‍ തസ്തികയിലാണ്  നിയമനം നല്‍കിയത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും കാലാവധി നീട്ടിനല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്.

കപ്പാസിറ്റി ബില്‍ഡര്‍ തസ്തികയിലാണ് ആദ്യം അപേക്ഷ ക്ഷണിച്ചത്. ഈ സമയത്ത് തൃശൂര്‍ കോര്‍പ്പറേഷനില്‍ കേന്ദ്രപദ്ധതി നടപ്പാവാത്തതിനാല്‍ നാലുപേരുടെ നിയമന ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിയമനത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്ന ആള്‍ ജോലിക്ക് എത്തിയില്ല. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് ആദ്യ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

നവംബറില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഇക്കുറിയും ഒരു തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടാമത് അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രവൃത്തി പരിചയം മൂന്ന് വര്‍ഷം മതിയെന്നാണ് നിഷ്‌കര്‍ഷിച്ചത്.

പ്രവൃത്തിപരിചയം മൂന്ന് വര്‍ഷമാക്കി കുറച്ചത് ഡേവിഡിനെ സഹായിക്കാനായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. എഴുത്തുപരീക്ഷക്ക് ശേഷം 14 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ പത്താമനായിരുന്നു ഡേവിഡ്. ഇന്റര്‍വ്യൂവിന് ശേഷം പ്രസിദ്ധീകരിച്ച അഞ്ചുപേരുടെ ലിസ്റ്റില് മൂന്നാമനുമായിരുന്നു. ഒന്നാം റാങ്കുകാരന് തൃശൂര്‍ നഗരസഭയില്‍ നിയമനം നല്‍കി. രണ്ടാം റാങ്കുകാരന്‍ എത്തിയില്ല. തുടര്‍ന്നാണ് മൂന്നാം റാങ്കുകാരനായ ഡേവിഡിന് നിയമനം നല്‍കിയത്. ഫെബ്രുവരി 29നാണ് സര്‍വീസില്‍ പ്രവേശിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതലയാണ് ഡേവിഡിനുള്ളത്. നാല്‍പ്പതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം. ഏറണാകുളും കച്ചേരിപ്പടിയിലെ ബി.എസ്.യു.പി ഓഫീസിലാണ് ഇദ്ദേഹത്തിന്റെയും ഓഫീസ്.

ശെല്‍വരാജിന്റെ മരുമകന് യു.ഡി.എഫ് ഇടപെട്ട് ജോലി നല്‍കിയതായി മുന്‍ ധനമന്ത്രി തോമസ് ഐസക് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

Malayalam news

Kerala news in English

Advertisement