ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പീര്‍സാദാ സയ്യീദിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മകന്റെ എസ്.എസ്.എല്‍.സി ബോര്‍ഡ് പരീക്ഷയില്‍ മകന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.

ബോര്‍ഡ് അധികൃതരുടെ സഹായത്തോടെയാണ് സയ്യിദ് മകന് പരീക്ഷ എഴുതാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. മന്ത്രിയുടെ മകന്റെ രണ്ടു തരത്തിലുള്ള കൈയ്യക്ഷരത്തില്‍ എഴുതിയ ഉത്തര പേപ്പര്‍ കഴിഞ്ഞ ദിവസം ഒരു ദിനപത്രം പുറത്തു വിട്ടിരുന്നു.

Subscribe Us:

ഒരു കൈയ്യക്ഷരം മന്ത്രിയുടെ മകന്റേതും മറ്റേത് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റേതുമാണെന്നാണ് വ്യക്തമായത്. 2009 ല്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷ ജയിക്കുവാന്‍ വേണ്ടി അധികൃരുടെ ഭാഗത്തു നിന്നും സഹായം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരാനുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിലെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് സെക്രട്ടറിയേറ്റിലേയും രാജ്ഭവനിലേയും ആളുകള്‍ വ്യക്തമാക്കി. എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പലരും ഇക്കാര്യം പുറത്തുപറയാന്‍ മടിക്കുകയായിരുന്നു.

ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണെന്ന് പ്രതിപക്ഷ നേതാവ് മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. സംഭവം വിജലന്‍സ് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു രീതിയിലുള്ള അന്വേഷണത്തിനും സഹകരിക്കാമെന്ന് ജമ്മു കാശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍ പി.ആര്‍.ഒ ഷൗക്കത്ത് ഉസ്മാന്‍ പറഞ്ഞു. അബ്ദുള്‍ സമദ് സയ്യിദിന്റെ ഓഫീസിനോട് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മന്ത്രിയുടെ മകന്‍ മികച്ച മാര്‍ക്കോടെയാണ് വിജയിച്ചത്.
Malayalam News

Kerala News In English