എഡിറ്റര്‍
എഡിറ്റര്‍
നാടകത്തെ ഭയക്കുന്ന സംഘപരിവാരം; ഖുതുബുദ്ധീന്‍ അന്‍സാരിയെക്കുറിച്ച് ജിതേഷ് ദാമോദര്‍
എഡിറ്റര്‍
Tuesday 10th April 2012 1:09pm

Kuthubudheen AnsariDrama2002ലെ ഗുജറാത്ത് കലാപത്തിന്റെ ക്രൂരമുഖം  ലോകത്തെ ബോധ്യപ്പെടുത്തിയതായിരുന്നു കുതുബുദ്ധീന്‍ അന്‍സാരിയെന്ന യുവാവ് അക്രമികള്‍ക്ക് മുന്നില്‍ കൈ കൂപ്പി ദയക്ക് വേണ്ടി യാചിക്കുന്ന ആ ചിത്രം. അര്‍ക്കോ ദത്തയെന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് പകര്‍ത്തിയ ചിത്രം ലോകശ്രദ്ധ പിടിച്ചു പറ്റി. എന്നാല്‍ ആ ചിത്രം കുതുബുദ്ധീന്‍ അന്‍സാരിയെന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കിയ സംഘര്‍ഷങ്ങള്‍ ചെറുതൊന്നുമല്ലായിരുന്നു.

കലാപത്തിന് ശേഷവും കുതുബുദ്ധീന്‍ വാര്‍ത്തയായി. മാധ്യമങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഗ്ഗീയത കീഴടക്കിയ വംശവെറിയന്‍മാരുടെ ക്രൂരമായ നോട്ടം ഒരു വശത്ത്  മാധ്യമങ്ങളുടെ പിന്തുടരല്‍ മറുവശത്ത്. സ്വസ്ഥമായി താമസിക്കാന്‍ ഗുജറാത്ത് വിട്ട് ബംഗാളിലേക്ക് താമസം മാറ്റിയെങ്കിലും അദ്ദേഹത്തിന്  സൈ്വര്യ ജീവിതം സാധിച്ചില്ല. ഇപ്പോള്‍ അന്‍സാരിക്ക് ക്യാമറയെ പേടിയാണ്. അന്‍സാരിയുടെ ആത്മസംഘര്‍ഷം നാടകമാക്കിയിരിക്കയാണ്. കേരളകൗമുദി ഫോട്ടോഗ്രാഫറും നാടക പ്രവര്‍ത്തകനുമായ ജിതേഷ് ദാമോദര്‍. കുതുബുദ്ധീന്‍ അന്‍സാരിയെന്ന ഏകപാത്ര നാടകം തിരുവനന്തപുരം സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലടക്കം അഞ്ച് വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിക്കാനിരുന്ന നാടകം സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരിക്കയാണ്. നാടകം ‘ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡി’യെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് പ്രദേശത്തെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ ന്യായം. 2002ല്‍ ഗുജറാത്തില്‍ വര്‍ഗ്ഗീയ ഭ്രാന്ത് അഴിച്ചുവിട്ടവരുടെ  പിന്‍മുറക്കാര്‍ കുതുബുദ്ധീന്‍ അന്‍സാരിയെ വീണ്ടും ഓര്‍ക്കുന്നത് ഭയപ്പെടുകയാണെന്ന് ജിതേഷ് ദാമോദര്‍ പറയുന്നു.

ജിതേഷ് ദാമോദര്‍/കെ.എം ഷഹീദ്

 

kuthubudheen Ansari

ഖുതുബുദ്ധീന്‍ അന്‍സാരിയെന്ന നാടകത്തിലെ പ്രമേയം?

2002ലെ ഗുജറാത്ത് കലാപത്തിന്റെ പ്രതീകമായി മാറിയതാണ് യുവാവ് കൈകൂപ്പി നില്‍ക്കുന്ന ആ ചിത്രം. ഖുതുബുദ്ധീന്‍ അന്‍സാരിയുടെ ആ ചിത്രം ലോക ശ്രദ്ധയാകര്‍ഷിക്കുകയും ഗുജറാത്ത് കലാപത്തിനെതിരെ ആഗോള പ്രതിഷേധമുയരുന്നതിന് കാരണമാവുകയും ചെയ്തു. എന്നാല്‍ ആ സംഭവത്തിന് ശേഷം ഖുതുബുദ്ധീന്‍ അന്‍സാരിയെ വര്‍ഗ്ഗീയ മനസ്സുള്ളവര്‍ ക്രൂരമായാണ് നോക്കുന്നത്. അദ്ദേഹം എവിടെ പോവുകയാണെങ്കിലും മാധ്യമങ്ങളും പിന്തുടരുകയാണ്. ഏറ്റവും സ്വകാര്യമായി ജീവിച്ച മനുഷ്യനായിരുന്നു അന്‍സാരി.

എന്നാല്‍ ഗുജറാത്തില്‍ ജീവിക്കാനാവാതെ അദ്ദേഹത്തിന് നാടുവിടേണ്ടി വന്നു. ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് അഭയം നല്‍കിയെങ്കിലും അവിടെയും അദ്ദേഹത്തിന് സ്വസ്ഥമായി ജീവിക്കാന്‍ കഴിഞ്ഞില്ല. കല്‍ക്കത്തയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകുമ്പോഴും ജോലിക്ക് പോകുമ്പോഴും ആള്‍ക്കൂട്ടം അദ്ദേഹത്തെ പിന്തുടര്‍ന്നു. പിന്നീട് തിരിച്ച് ഗുജറാത്തിലേക്ക് തന്നെ മടങ്ങേണ്ടി വന്നു അന്‍സാരിക്ക്. ഇത് അദ്ദേഹത്തെ മാനസികമായി വേട്ടയാടാന്‍ തുടങ്ങി. ഇപ്പോഴദ്ദേഹം ഗുജറാത്തില്‍ തയ്യല്‍ കട നടത്തുകയാണ്. ഇദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷമാണ് ഖുതുബുദ്ധീന്‍ അന്‍സാരി എന്ന നാടകത്തിന്റെ പ്രമേയം.

ഖുതുബുദ്ധീന്‍  അന്‍സാരിയുടെ വിഷയം തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം?

ഒരു ട്രെയിന്‍ യാത്രക്കിടെയാണ് ഇത് എന്റെ മനസ്സിലേക്ക് വന്നത്. ഒരു ലക്കത്തെ ഭാഷാ പോഷിണിയില്‍ കെ.മോഹന്‍ലാല്‍ ഖുതുബുദ്ധീന്‍ അന്‍സാരിയുടെ കഥ പറയുന്നുണ്ട്. ഇദ്ദേഹത്തെ അഹമ്മദാബാദില്‍ വെച്ചാണ് മോഹന്‍ലാല്‍ കാണുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ അന്‍സാരി കാണാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഒരു സുഹൃത്ത് വഴിയാണ് സംസാരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ ഒരു നാടകം ഇതെക്കുറിച്ച് തയ്യാറാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു.

പലരെയും ബന്ധപ്പെട്ടുവെങ്കിലും ആരും ഇത് നാടകമാക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കാസര്‍കോഡ് സണ്‍ഡേ തിയേറ്റര്‍ നടത്തുന്ന  ഗോപി കുറ്റിക്കോല്‍ എന്ന നാടക പ്രവര്‍ത്തകനാണ് ഇതിന്റെ രചന നിര്‍വ്വഹിക്കാന്‍ തയ്യാറായത്. ഒരു ഏക പാത്ര നാടകമാണിത്.

സ്‌കൂളില്‍ നാടക അവതരണം തടയപ്പെട്ടത് എങ്ങിനെയാണ് ?

നാടകത്തെക്കുറിച്ച് ബി.ജെ.പി മുഖപത്രമായ ജന്‍മഭൂമിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ബി.ജെ.പിയെ വീണ്ടും വേട്ടയാടുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ലേഖനം. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് നാടകമെന്നും നാടകം ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്തിനാണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. എന്റെ ഒരു സുഹൃത്ത് തന്നെയാണ് ലേഖനം തയ്യാറാക്കിയത്. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ഞാന്‍ കേരള കൗമുദിയില്‍ അതിന് ഒരു മറുപടി നല്‍കി. മതപരവും രാഷ്ട്രീയപരവുമായ ഒരു പരാമര്‍ശവും നാടകത്തിലില്ലെന്ന് ഞാന്‍ എഴുതി. അന്‍സാരി എന്ന സാധാരണ മനുഷ്യന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ പരാമര്‍ശിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ഞാന്‍ വ്യക്തമാക്കി.

ആലപ്പുഴ തിരുവമ്പാടി സ്‌കൂളിന്റെ 75 ാം വാര്‍ഷികം നടക്കുകയാണ്. ഒരു വര്‍ഷത്തെ പരിപാടിയുടെ ഉദ്ഘാടന പരിപാടിയില്‍ എന്റെ നാടകം ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രസ്‌ക്ലബ്ബില്‍ വെച്ച് പരിപാടിയുടെ പത്രസമ്മേളനം നടന്നപ്പോഴാണ് പ്രദേശത്തെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യം അറിയുന്നത്. അവര്‍ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ട് നാടകം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിയെ മോശമാക്കുന്ന നാടകമാണിതെന്നും അതിനാല്‍ സ്‌കൂളില്‍ നാടക അവതരണത്തിന് അവസരം നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വിളിച്ച് എന്നോട് പറഞ്ഞു. നാടകം കാരണം സ്‌കൂള്‍ പരിപാടികള്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടാവരുതല്ലോ.. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നാടകം കളിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്കും പ്രയാസമായിരുന്നു. നിങ്ങള്‍ അവസരം തന്നാല്‍ ഞാന്‍ തയ്യാറാണെന്നാണ് അവരോട് പറഞ്ഞത്.

നാടകത്തില്‍ മോഡിയെ അപമാനിക്കുന്നുണ്ടോ?

ഗുജറാത്ത് കലാപം നടന്നത് മോഡിയെ നേതൃത്വത്തിലാണെന്നുള്ള ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗോധ്ര തീവണ്ടി അപകടത്തില്‍ രാമക്ഷേത്രം പണിതുവരുന്ന നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായി. അതിന് പകരമെന്നോണം ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ഗുജറാത്തില്‍ നടത്തിയ വംശീയ കലാപത്തില്‍ നിരവധി മുസ് ലിംകള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഖുതുബുദ്ധീന്‍ അന്‍സാരി അക്രമികള്‍ക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ഈ ചിത്രത്തോടെ കലാപം അടിച്ചമര്‍ത്തണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയര്‍ന്നു.

കലാസാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം മോഡിക്കെതിരെ രംഗത്തുവരുന്ന സാഹചര്യമുണ്ടായി. ഗുജറാത്ത് കലാപത്തിന്റെ മുഖമായാണ് ആ ചിത്രം പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ താന്‍ ഇങ്ങിനെ പ്രചരിപ്പിക്കപ്പെടുന്നത് അന്‍സാരി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇത് അന്‍സാരിയുടെ വ്യക്തിജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. അയാള്‍ ആഗ്രഹിക്കാതെ അന്‍സാരി വിപ്ലവകാരിയാവുകയായിരുന്നു.

എതിര്‍പ്പുകള്‍ ഇനിയും ഉണ്ടാവാന്‍ സാധ്യതയുണ്ട്. എങ്ങിനെയാണ് നേരിടാന്‍ ഉദ്ദേശിക്കുന്നത് ?

ഇക്കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. ഇതുവരെ നേരിട്ട് ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അഞ്ച് വേദികളില്‍ ഇതിനകം നാടകം അവതരിപ്പിച്ചു. വൈലോപ്പള്ളി സംസ്‌കൃത ഭവനിലും സൂര്യ ഫെസ്റ്റിലും മറ്റുചില സാംസ്‌കാരിക സംഘടനകളുടെ വേദിയിലും നാടകം അവതരപ്പിക്കപ്പെട്ടു. കഴിഞ്ഞ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ നാടകം അവതരിപ്പിച്ചിരുന്നു. ഇതാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ജന്മഭൂമിയില്‍ ലേഖനം വന്നത്. അടുത്ത് കാസര്‍ക്കോഡ് ഒരു സംഘടനയുടെ പരിപാടിയില്‍ നാടകം അവതരിപ്പിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

കൗമുദി ഫോട്ടോഗ്രാഫറായിരിക്കെ നാടകവുമായുള്ള ബന്ധം?

ഞാന്‍ കാസര്‍ക്കോട്ടുകാരനാണ്. നാട്ടില്‍ നേരത്തെ തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ‘ അപ്പുണ്ണി, നിയോഗം,പട്ടേലരുടെ പട്ടി, ചാവുകെണി തുടങ്ങി നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. സഫ്ദര്‍ ഹഷ്മി ദല്‍ഹിയില്‍ തെരുവില്‍ കൊല്ലപ്പെട്ട സംഭവം നടക്കുമ്പോഴൊക്കെ ഞങ്ങള്‍ നാടക അവതരിപ്പിച്ചുകൊണ്ടിരിക്കയാണ്. എട്ട് വര്‍ഷമായി ഞാന്‍ കേരള കൗമുദിയില്‍ ഫോട്ടോ ഗ്രാഫറാണ്. കൗമുദിയില്‍ ചേരുന്നതിന് തൊട്ട് മുമ്പ് വരെ ഞാന്‍ നാടകപ്രവര്‍ത്തകനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് പലപ്പോഴായി തനിക്ക് ലഭിച്ചിട്ടുമുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വികസന നായകനായി സ്വയം അവതരിക്കുകയാണ്…

നരേന്ദ്രമോഡി വികസനത്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ അത് തെറ്റായ വികസനമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉയരാന്‍ മോഡിക്ക് കഴിയില്ല. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള വികസനമാണ് അവിടെ നടക്കുന്നത്. അത് അംഗീകരിക്കാനാവില്ല. ഗുജറാത്തില്‍ മോഡി മുഖ്യമന്ത്രിക്ക് ഏകാധിപത്യ സ്വഭാവമാണുള്ളത്‌ . കേരളത്തിലേതു പോലുള്ള അവസ്ഥയല്ല അവിടെ. വികസനം താഴെത്തട്ടിലെത്താത്ത അവസ്ഥയാണുള്ളത്.

മോഡിക്കെതിരെയായാല്‍പ്പോലും സ്വതന്ത്ര ആവിഷ്‌കാരത്തിന് സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കടന്നുകയറ്റത്തെക്കുറിച്ച്?.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സ്വതന്ത്ര ആവിഷ്‌കാരങ്ങള്‍ തടയപ്പെട്ടിരുന്നു. 90കള്‍ വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊന്നും സ്വതന്ത്ര അഭിപ്രായം പ്രകടിപ്പിക്കാന്‍ മടിയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് പിന്നീട് നാം ഏറെ മുന്നോട്ടുനടന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ്. പഴയ കാലത്തേക്ക് തിരിഞ്ഞു നടക്കുകയാണോ നമ്മളെന്ന് തോന്നുംവിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. അവര്‍ എന്തിനെയോ ഭയക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം സംഭവിക്കുക തന്നെ ചെയ്യും. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥയുണ്ടാകും.

Advertisement