ന്യൂദല്‍ഹി:  2020 ഒളിംപിക്‌സില്‍ നിന്നും ഗുസ്തിയെ പുറത്താക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിക്ക് (ഐഒസി) കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിങ് കത്തയച്ചു.

Ads By Google

ഒളിമ്പിക്‌സിനുള്ള 25 കായിക ഇനങ്ങളിലൊന്നായി ഗുസ്തി ഉള്‍പ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായാന്‍ ഐ.ഒ.സി പ്രസിഡന്റ് ജാക്ക് റോഗിന് അയച്ച കത്തില്‍ മന്ത്രി അഭ്യര്‍ഥിച്ചു.

ഇന്ത്യയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഗുസ്തി പ്രചാരമുള്ള കായിക ഇനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

മുന്‍ ഒളിമ്പിക്‌സുകളില്‍ ഗുസ്തി ഇനത്തില്‍ ഇന്ത്യ നേടിയ മെഡലുകളുടെ പട്ടിക നിരത്തിയാണ് ജിതേന്ദ്ര സിങ് ഇന്ത്യയുടെ ആവശ്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ഇന്ത്യയുടെ പ്രതിഷേധം ഐ.ഒ.സിയെ അറിയിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലായിരുന്നു കത്ത്.

ഒളിമ്പിക്‌സില്‍നിന്ന് ഗുസ്തി മത്സരം ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ഇതിന് മുന്‍പ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

2020ലെ ഒളിമ്പിക്‌സില്‍ ഗുസ്തി ഒഴിവാക്കാനാണ് ഒളിമ്പിക് കമ്മിറ്റി തീരുമാനമെടുത്തത്. ഈ തീരുമാനം ഇന്ത്യയിലെ അനേകായിരം ഗുസ്തി താരങ്ങളെ നിരാശരാക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 1896 മുതല്‍ക്ക് ഒളിമ്പിക് ഇനമായ ഗുസ്തി ഒഴിവാക്കുന്നതില്‍ ന്യായമില്ലെന്ന് മന്ത്രാലയം പറഞ്ഞു.

ഗുസ്തിക്ക് ജനപ്രീതിയുള്ള മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നാകും ഇന്ത്യ ഗുസ്തി ഒളിമ്പിക് ഇനമായി നിലനിര്‍ത്തുന്നതിനുള്ള സമ്മര്‍ദം ചെലുത്തുക.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേരുന്ന ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡിലും പിന്നീട് അര്‍ജന്റീനയിലെ ബ്യൂണസ്അയേഴ്‌സില്‍ നടക്കുന്ന ഐ.ഒ.സി.സെഷനിലും ഈ വിഷയം ഉന്നയിക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

ഗുസ്തി ഒളിമ്പിക്‌സിലെ മുന്‍നിര കായിക ഇനമായി നിലനിര്‍ത്താനുള്ള ശ്രമമാകും കായിക മന്ത്രാലയം നടത്തുക.

ലൗസേനില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് 2020ല്‍ ഉണ്ടാകേണ്ട 25 മുഖ്യ ഇനങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിച്ചിരുന്നു. ആ പട്ടികയിലാണ് ഗുസ്തി പെടാതിരുന്നത്. ഈ പട്ടികയ്ക്ക് അന്തിമതീരുമാനം നല്‍കേണ്ടത് ബ്യൂണസ് അയേഴ്‌സില്‍ ചേരുന്ന ഐ.ഒ.സി. യോഗമാണ്.