ജിഷ്ണുവിന്റെ വീടു സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനമല്ലാതെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറ്റു നടപടികളൊന്നും ഉണ്ടായില്ല. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വന്നാല്‍ മതിയെന്നും ജിഷ്ണുവിന്റെ മാതാവ് മഹിജ പറഞ്ഞു.


തിരുവനന്തപുരം:  ജിഷ്ണു കേസിലെ ഒന്നാംപ്രതി നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ആരോ കൃത്യമായി സംരക്ഷിക്കുകയാണെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ. രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.

കൃഷ്ണദാസ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും കൃഷ്ണദാസ് പൈസയേ കണ്ടിട്ടുണ്ടാവൂ , ഞാനെന്റെ പാവം മോനെ ഹൃദയത്തില്‍ പോറ്റിയതാണ്. പൈസയുടെ കൂടെയല്ല നില്‍ക്കേണ്ടത്, സത്യത്തിന്റെ കൂടെയാണ്. എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത്? പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷമല്ലേ മുഖ്യമന്ത്രി വീട്ടിലേക്ക് വരേണ്ടത്? കൃഷ്ണദാസിന് ആരുടേയോ സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. രണ്ട് ദിവസത്തിനകം അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും.

പ്രതികളുടെ അറസ്റ്റ് വൈകിക്കുന്നത് ഗൂഢാലോചനയുള്ളത് കൊണ്ടാണെന്നും നടി അക്രമിക്കപ്പെട്ട കേസിലെ ജാഗ്രത ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്നതില്‍ കാണിച്ചില്ലെന്നും ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു.

ജിഷ്ണുവിന്റെ വീടു സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനമല്ലാതെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറ്റു നടപടികളൊന്നും ഉണ്ടായില്ല. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വന്നാല്‍ മതിയെന്നും ജിഷ്ണുവിന്റെ മാതാവ് മഹിജ പറഞ്ഞു.

സാമ്പത്തികമായി ഉന്നതരായതുകൊണ്ടാണ് നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത്. ജിഷ്ണു മരിച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും ആരെയും പിടികൂടിയില്ല എന്നാല്‍ നടിയ്‌ക്കെതിരായുണ്ടായ അക്രമത്തിലെ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി.

ജിഷ്ണുവിന്റെ കേസ് അന്വേഷിക്കുന്ന അന്വേഷണോദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


Read more: ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് കമന്റിട്ടതിന് യുവാവിനെതിരെ കേസ്