തിരുവനന്തപുരം: മുദ്രാവാക്യം വിളികളോ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ ഇല്ലാതെ സമരത്തിനെത്തിയ തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്.

തന്നെയും മഹിജയേയും പൊലീസ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. റോഡിലിട്ടാണ് പൊലീസ് തങ്ങളെ മര്‍ദ്ദിച്ചത്. കേരളത്തിന് അപമാനമാണ് ഇവിടുത്തെ പൊലീസ്. ഞങ്ങളെ അറസ്റ്റ് ചെയ്യുകയും കൃഷ്ണദാസിനെ പുറത്തുനടക്കാനും അനുവദിച്ചാല്‍ അതിനെതിരെ മരണം വരെ സമരം ചെയ്യും.

ആശുപത്രിയിലായാലും ജയിലിലായാലും ഡി.ജി.പിയുടെ ഓഫീസിന് മുന്നിലായാലും ഞങ്ങള്‍ സമരം ചെയ്യും. ഞങ്ങള്‍ 16 പേരേയും അവര്‍ അറസ്റ്റു ചെയ്തു. ഇതില്‍ ഞങ്ങള്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല.

ഡി.ജി.പിയുമായി ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പൊലീസ് പറയുന്നത് ഞങ്ങള്‍ അനുസരിക്കാം. പക്ഷേ പ്രതികളെ അറസ്റ്റ് ചെയ്യണം. പ്രഹസമാകുന്ന ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ ഇല്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രതികളെ അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനും 7 ദിവസത്തെ സമയം തരണമെന്നായിരുന്നു.


Dont Miss ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ച സംഭവം; ബോധമുള്ളവര്‍ പൊലീസില്‍ കാണില്ലെന്ന് അറിയാം; എങ്കിലും അല്പം മനുഷ്യത്വത്തോടെ പെരുമാറാമായിരുന്നെന്ന് അഡ്വ. ജയശങ്കര്‍ 


അദ്ദേഹം പറഞ്ഞതുപ്രകാരം 9 ദിവസം ഞങ്ങള്‍ സമരം നീട്ടിവെച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ സമരത്തിനെത്തിയത്. സര്‍ക്കാരിന്റെ നയമനുസരിച്ചല്ല പൊലീസ് പ്രവര്‍ത്തിക്കുന്നത്.

ഞങ്ങളെ മര്‍ദ്ദിച്ച എസ്.ഐക്കെതിരെ നടപടിയെടുക്കാതെ ഒരിഞ്ച് പിന്നോട്ടു പോകില്ല. തങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പൊലീസ് പറയുന്നതെന്നും അദ്ദേഹം പറയുന്നു.