Categories

ജിഷ്ണു പ്രണോയുടെ മരണം; സി പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെന്ന് പിണറായി

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ജിഷ്ണു പ്രണോയ് കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

അതേസമയം പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും. അതുവരെ ഇയാളുടെ ഇടക്കാല ജാമ്യം തുടരാനായിരുന്നു കോടതിയുടെ നിര്‍ദേശം.


Dont Miss സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം 


ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പികൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേസില്‍ കൃഷ്ണദാസിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഈ കുറ്റം ചുമത്തിയതില്‍ സിംഗിള്‍ ബഞ്ച് അതൃപ്തിയും പ്രകടിപ്പിച്ചു.

കേസില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന വാദം സര്‍ക്കാര്‍ അഭിഭാഷകന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 15 ആംതിയതി ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടത്തുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ആര്‍ഡിഓ കൃഷ്ണദാസിനെ ക്ഷണിച്ച കത്ത് ഹാജരാക്കിയാണ് പ്രതിഭാഗം ഈ വാദത്തെ ഖണ്ഡിച്ചിരുന്നു.

ജില്ലാ കളക്ടറുടെ പേരിലുളള കത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറിയതും കൃഷ്ണദാസിന് തുണയായിരുന്നു. അന്വേഷണംസംബന്ധിച്ച കേസ് ഡയറിയും വിശദമായ റിപ്പോര്‍ട്ടും മറ്റന്നാള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Tagged with: