എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പറഞ്ഞവാക്ക് പാലിച്ചില്ല; ഇനി പ്രതീക്ഷ സുപ്രീം കോടതിയിലെന്നും ജിഷ്ണുവിന്റെ അമ്മ
എഡിറ്റര്‍
Saturday 13th May 2017 2:35pm

കോഴിക്കോട്: നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഷ്ണുവിന്റെ അമ്മ മഹിജ.

തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ച് ഒരുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നു.


Dont Miss മൂന്നാര്‍ പ്രസംഗത്തില്‍ എം.എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് 


റോഡിലൂടെ വലിച്ചിഴച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ നിരവധി ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.

തങ്ങള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നും തിരുവനന്തപുരത്ത് വെച്ച് അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

എന്നാല്‍ കേസില്‍ ആദ്യഘട്ടംമുതല്‍ മന്ത്രി എ.കെ ബാലന്‍ തങ്ങള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതായും മഹിജ പറയുന്നു. ഇനി തങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും മഹിജ വ്യക്തമാക്കി.

ജിഷ്ണു കേസില്‍ പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ചവര്‍ക്കെതിരെയും അന്വേഷണത്തിന്റെ ഘട്ടത്തില്‍ വ്യാജആത്മഹത്യ കുറിപ്പ് തയ്യാറാക്കിയവര്‍ക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ നിന്നും ശേഖരിച്ച ജിഷ്ണുവിന്റേതെന്നു കരുതുന്ന രക്തക്കറയില്‍ ഡി.എന്‍.എ പരിശോധന നടത്താനാവില്ലെന്ന് ഇന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചിരുന്നു. ഡി.എന്‍.എ സാമ്പിള്‍ വേര്‍തിരിക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറന്‍സിക് വിഭാഗം പൊലീസിനെ അറിയിച്ചത്.

അവസാനവട്ട പരിശോധ എന്ന നിലയില്‍ കോളേജില്‍ പരിശോധന നടത്തവേയായിരുന്നു ഇടിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയത്.
മങ്ങിയ നിലയിലായിരുന്നു ഇത്.

പ്രിന്‍സിപ്പാളിന്റെ റൂമില്‍ നിന്നും ജിഷ്ണുവിന്റെ മൃതദേഹം കാണപ്പെട്ട ടോയ്ലറ്റില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റെ ഗ്രൂപ്പില്‍പെട്ടതു തന്നെയെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ്.

കോളേജില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൂടുതല്‍ വ്യക്തതക്കായി ഡി.എന്‍.എ പരിശോധനക്ക് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഡി.എന്‍.എ സാമ്പിള്‍ വേര്‍തിരിക്കാനാവില്ലെന്ന ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് കേസില്‍ തിരിച്ചടിയായേക്കും.

Advertisement