എഡിറ്റര്‍
എഡിറ്റര്‍
‘കേരളത്തിന് നന്ദി പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരാഹാരമവസാനിപ്പിച്ച് ശ്രീജിത്ത്; പൊലീസിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
എഡിറ്റര്‍
Sunday 9th April 2017 9:47pm

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ച് ദിവസമായ് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരത്തിനെത്തിയ കുടുംബത്തിനെ മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് കുടുംബം നിരാഹാരം അവസാനിപ്പിച്ചത്.


Also read ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന കുടുംബത്തിനു നേരെ ആര്‍.എസ്.എസ് ആക്രമണം; ആക്രമത്തില്‍ ആറുവയസ്സുകാരിയ്ക്കും പരുക്ക് 


സര്‍ക്കാരുമായുണ്ടാക്കിയ പത്തിന കരാറിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഐ.ജിയുടെ റിപ്പോര്‍ട്ടിനേക്കാള്‍ മുഖ്യമന്ത്രിയുടെ വാക്ക് വലുതാണെന്നും ശ്രീജിത്ത് പറഞ്ഞു.

അഞ്ച് ദിവസമായി തുടരുന്ന നിരാഹാരസമരത്തെത്തുടര്‍ന്ന് ഐ.സി.യുവില്‍ കഴിയുന്ന മഹിജയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുകള്‍ നല്‍കിയത്.

തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച വിജയിച്ചതിനെത്തുടര്‍ന്ന് ഫോണില്‍ വളയത്തെ വീട്ടിലേക്ക് വിളിച്ച ശ്രീജിത്ത് അവിഷ്ണയോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവിഷ്ണ നിരാഹാരം അവസാനിപ്പിച്ച ശേഷമാണ് ശ്രീജിത്ത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു നല്‍കിയ വെള്ളം കുടിച്ച് സമരം അവസാനിപ്പിച്ചത്.

കേരളത്തിന് നന്ദി, ജനങ്ങള്‍ക്ക് നന്ദി, സര്‍ക്കാരിന് നന്ദി, എല്ലാവര്‍ക്കും നന്ദിയെന്നാണ് സമരം അവസാനിപ്പിച്ച ശേഷം ശ്രീജിത്ത് പറഞ്ഞത്. ഷാജഹാനെയും ഹിമവല്‍ ഭദ്രാനന്ദയെയും സമരത്തിന് ക്ഷണിച്ചിട്ടില്ലെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും സര്‍ക്കാരിനോട് പറഞ്ഞതായും വാക്കുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും ശ്രീജിത്ത് വ്യക്തമാക്കി.

Advertisement