തിരുവനന്തപുരം: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ആരംഭിച്ച അനിശ്ചിതകാല നിഹാര സമരം രണ്ടാം ദിവസവും തുടരുന്നു. തങ്ങളെ ആക്രമിച്ച പൊലീസിനെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.


Also read ‘എസ്.ബി.ഐ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍’; ബാങ്ക് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ


ചര്‍ച്ചയുമായി തങ്ങള്‍ സഹകരിക്കുമെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെങ്കില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹിജയും സഹോദരനും ഡിസ്ചാര്‍ജ് ചെയ്താല്‍ പൊലിസ് ഹെഡ്കോര്‍ട്ടേഴ്സിന് മുന്നില്‍ സമരം തുടരുമെന്നും വ്യക്തമാക്കി.

ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുള്‍പ്പെടെ 15 പേര്‍ മെഡിക്കല്‍ കോളേജ് വളപ്പില്‍ ഇന്നലെ നിരാഹാരസമരം തുടങ്ങിയപ്പോള്‍ സഹോദരി അവിഷ്ണ വളയത്തെ വീട്ടിലും നിരാഹാരം കിടക്കുകയാണ്.

പൊലീസ് നടപടിയെക്കുറിച്ച് ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ ഡി.ജി.പി വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിരാഹാര സമരത്തിനെത്തിയവരെ നീക്കിയ നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു ഐ.ജി മനോജ് എബ്രഹാം ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പൊലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഹിജയുടെയും സഹോദരന്‍ ശ്രീജിത്തിന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് ഐ.ജി ഇന്ന് തന്നെ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ റിപ്പോര്‍ട്ടില്‍ നടപടിക്ക് സാധ്യതയുണ്ട്.